പാലാ : മീനച്ചിലാറിന്റെ വിവിധ ഭാഗങ്ങളിൽ എക്കലും ചെളിയും അവശിഷ്ടങ്ങളും അടിഞ്ഞ് കൂടിയത് നിമിത്തം ജലം സുഗമമായി ഒഴുകുന്നതിന് തടസ്സം നേരിടുകയും, പാലാ ടൗണിലടക്കം വെള്ളക്കെട്ടിന് ഇടയാക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ജോസ്.കെ.മാണി എം.പി സ്ഥലം സന്ദർശിച്ചു.
വ്യാപാരികൾക്കും ചെറുകിട കച്ചവടകാർക്കും ധാരാളം ബുദ്ധിമുട്ടും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നത് സംബന്ധിച്ച് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം. തെളിനീർ ഒഴുകും കോട്ടയം പദ്ധതി പ്രകാരം മീനച്ചിലാറിന്റെ വിവിധ ഭാഗങ്ങളിൽ തടസങ്ങൾ നീക്കം ചെയ്ത് വരുകയാണെന്നും, വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ടിരിക്കുന്ന തുരുത്തുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ്, കൗൺസിലർമാരായ ലീനാ സണ്ണി പുരയിടം, ബിജി ജോജോ കുടക്കച്ചിറ ,സാവിയോ കാവുകാട്ട്, ബിജു പാലുപ്പടവിൽ, കുഞ്ഞമോൻ മാടപ്പാട്ട്, കെ.അജി, പി.ഡബ്ല്യു.ഡി അസി.എക്‌സിക്യുട്ടീവ് എൻജിനിയർ സന്തോഷ്, ഇറിഗേഷൻ എൻജിനിയർ ശ്രീകല തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു