വൈക്കം : മാറി വന്ന കലഘട്ടത്തിന്റെ വെല്ലുവിളികൾ ഏ​റ്റെടുത്ത് പുത്തൻ തലമുറയ്ക്ക് മൂല്യബോധമുള്ള വിദ്യാഭ്യാസം നൽകുക വഴി സാമൂഹിക മാ​റ്റത്തിന്റെ ചാലക ശക്തിയായിവർത്തിക്കാൻ അദ്ധ്യാപക സമൂഹത്തിന് കഴിയണമെന്ന് വിദ്യാഭ്യാസ പ്രവർത്തകനും ഭാരതീയ പൈതൃക പഠന കേന്ദ്രം ഡയറക്ടറുമായ പി.ജി.എം നായർ കാരിക്കോട് പറഞ്ഞു. വൈക്കം ശ്രീമഹാദേവ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടീച്ചർ എഡ്യൂക്കേഷനിൽ 15 ദിവസം നീണ്ടു നിൽക്കുന്ന അദ്ധ്യാപക പരിശീലകരുടെ സമൂഹ സമ്പർക്ക സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി 50 അദ്ധ്യാപക പരിശീലകർ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ഇൻസ്​റ്റി​റ്റ്യൂട്ട് പ്രിൻസിപ്പൽ എം.സേതു അദ്ധ്യക്ഷത വഹിച്ചു. സൗമ്യ.എസ് നായർ ക്യാമ്പ് കോ-ഓർഡിനേ​റ്ററാണ്. ക്യാമ്പിന്റെ ഭാഗമായി ഒറിഗാമി, പപ്പ​റ്ററി നിർമ്മാണം, ഷോർട്ട് ഫിലിം & ഡോക്യുമെന്ററി, നാടക കളരി, നിയമാവബോധം, വായനയും ശാസ്ത്രവും സാമൂഹിക പുരോഗതിക്ക് സെമിനാർ, ബിരിയാണി ചലഞ്ച്, ജീവിത നൈപുണി ശില്പശാലകൾ, സോപ്പ് അനുബന്ധ ഉല്പന്ന നിർമ്മാണം, പാചക മത്സരം, നാടൻപാട്ട് പരിശീലന കളരി, ശാസ്ത്രവിസ്മയ പരീക്ഷണങ്ങൾ, ചിരട്ട ഉത്പന്നനിർമ്മാണ പരിശീലനം, ബുക്ക് ബൈന്റിംഗ്, ശ്രമദാനം , സ്‌കൂൾ സൗന്ദര്യവത്ക്കരണം, ജൈവപാർക്ക് നിർമ്മാണം, കഥാരചന ക്യാമ്പ്, യോഗ മെഡി​റ്റേഷൻ, സാംസ്‌ക്കാരിക പരിപാടി, മോക്ക് പാർലമെന്റ്, സോദാഹരണ നൃത്താവിഷ്‌ക്കാരം, പ്രസംഗ ഡിബേ​റ്റ് പരിശീലനം, ഫീൾഡ് ട്രിപ്പ്, ചലച്ചിത്രം തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കും.