ചങ്ങനാശേരി : സർക്കാർ ആശുപത്രികൾ ജനങ്ങളുടെ സ്വന്തം ഇടങ്ങളായി കണക്കാക്കിയാണ് ആരോഗ്യ മേഖലയുടെ വികസനത്തിനുള്ള ഇടപെടൽ സർക്കാർ നടത്തിവരുന്നതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. സർക്കാരിന്റെ ഒന്നാംവാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച നൂറുദിന കർമ്മപരിപാടികളിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളുടെയും ചങ്ങനാശേരി ജനറൽ ആശുപത്രിയിലെ ഓക്‌സിജൻ പ്ലാന്റിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. തലനാട് കുടുംബാരോഗ്യ കേന്ദ്രം, കുളത്തുപ്രയാർ, കരിക്കാട്ടൂർ, പാഴൂത്തടം, മുണ്ടക്കയം മെയിൻ സെന്റർ, പരുത്തുംപാറ, പയ്യപ്പാടി, തോട്ടയ്ക്കാട് മെയിൻ സെന്റർ, ചിങ്ങവനം, കുണ്ടൂർ, തലനാട് മെയിൻ സെന്റർ, കല്ലമ്പാറ, എലക്കാട് കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി ഓൺലൈനിലൂടെ നിർവഹിച്ചു. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ബെന്നി ജോസഫ്, പ്രതിപക്ഷ കൗൺസിലർ കൃഷ്ണകുമാരി രാജശേഖരൻ, ഡി.എം.ഒ ഡോ.എൻ. പ്രിയ, കുഞ്ഞുമോൾ സാബു, പി.എ നിസാർ, അഡ്വ.പി.എ നസീർ, ഗീതാ അജി, മറ്റു നഗരസഭാഗംങ്ങൾ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അജയ് മോഹൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.എസ്.എൽ അജിത് കുമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.സി ജോസഫ്, ലാലിച്ചൻ കുന്നിപറമ്പിൽ, കെ.ടി തോമസ്, ലിനു ജോബ് മറ്റ് ആശുപത്രി വികസനസമിതിയംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.