ചങ്ങനാശേരി : എല്ലാ വീടുകളിലും ശുദ്ധ ജലം ലഭ്യമാക്കുകയെന്ന സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമായി സുസ്ഥിര കുടിവെള്ള പദ്ധതികൾ പ്രാദേശികമായി നടപ്പാക്കുന്നതിനാവശ്യമായ പ്രോത്സാഹനം നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ചങ്ങനാശേരി കുറിച്ചി ഗ്രാമപഞ്ചായത്ത് 14,16 വാർഡുകളിൽ നിർമ്മാണം പൂർത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 മാസത്തിനകം കേരളത്തിൽ 10 ലക്ഷത്തിലധികം പൈപ്പ് കണക്ഷനുകൾ നൽകാനായി. അടുത്ത് നാല് വർഷത്തിനകം 40 ലക്ഷം പൈപ്പ് കണക്ഷനുകൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞിരത്തുമൂട്ടിൽ 15.26 ലക്ഷം രൂപയുടെയും ചെമ്പുച്ചിറയിൽ 15.46 ലക്ഷം രൂപയുടെയും കെ സി കെ ജംഗ്ഷനിൽ 9.60 ലക്ഷം രൂപയുടെയും പദ്ധതി പൂർത്തീകരിച്ചതിലൂടെ 250 വീടുകളിലാണ് ശുദ്ധജലം ലഭിക്കുക. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഭൂജലവകുപ്പ് ഡയറക്ടർ ജോൺ വി.സാമുവൽ റിപ്പോർട്ട് അവതരിപ്പിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, അനീഷ് തോമസ് നെടുംപറമ്പിൽ, അഭിജിത്ത് മോഹനൻ, എസ്.വിമൽരാജ്, പി.വി വിൽസൺ, കെ.ഡി സുഗതൻ, അഗസ്റ്റിൻ കെ. ജോർജ്ജ്, ജിക്കു കുര്യാക്കോസ്, ജെയിംസ് കാലാവടക്കൻ തുടങ്ങിയവർ പങ്കെടുത്തു.