കോട്ടയം : പരിപ്പ്, അലക്കുകടവ് ഗുരുമന്ദിരങ്ങളിലും സെന്റ് മേരീസ് ചാപ്പൽ, പരിപ്പ് കള്ള് ഷാപ്പ് എന്നിവിടങ്ങളിൽ മോഷണം നടത്തിയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഉൗർജ്ജിതമാക്കി. അലക്കടവ് ഗുരുമന്ദിരത്തിലെ കാണിക്കവഞ്ചിയും തിടപ്പള്ളിയും കുത്തിത്തുറന്ന് മോഷ്ടാവ് പണം കവർന്ന ശേഷം പരിപ്പിലെ ഷാപ്പിൽ കയറി കള്ളു കുടിക്കുകയും മേശവലിപ്പിൽ നിന്ന് പണം കവർരുകയുമായിരുന്നു. ഹെൻട്രി ബേക്കർ ഹാൾ, അലക്കുകടവ് എന്നിവിടങ്ങളിലെ ട്രാൻസ്ഫറുകളുടെ ഫ്യൂസ് ഊരി മാറ്റിയ നിലയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരിപ്പ് ക്ഷേത്രത്തിലെ സി.സി.ടി.വി യിലാണ് മോഷ്ടാവിന്റെ ചിത്രം പതിഞ്ഞത്. നാല് മാസത്തിനിടെ പരിപ്പ് ഗുരുമന്ദിരത്തിൽ മൂന്നാം തവണയും അലക്കുകടവ് ഗുരുമന്ദിരത്തിൽ രണ്ടാം തവണയുമാണ് മോഷണം നടക്കുന്നത്. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടെ സമാനമായ നിരവധി മോഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്തെക്കുറിച്ചും ഗുരുമന്ദിരങ്ങളെക്കുറിച്ചും അറിയാവുന്നവരാണ് മോഷണത്തിന് പിന്നില്ലെന്ന് പൊലീസ് പറഞ്ഞു.