പൊൻകുന്നം : കാലവർഷത്തിനുമുമ്പ് മഴവെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനായി ഓടകൾ വൃത്തിയാക്കാത്തതിനാൽ റോഡുകളിൽ വെള്ളക്കെട്ട് തുടർക്കഥയായി. ഇന്നലെ പെയ്തമ ഴയിൽ ദേശീയപാതയും സംസ്ഥാന ഹൈവേയിലുമടക്കം എല്ലാ വഴികളിലും വെള്ളക്കെട്ടായിരുന്നു. റോഡിനിരുവശങ്ങളിലും ചപ്പുചവറുകൾ മൂടിയതോടെ പല വഴികളിലും ഓടതന്നെ ഇല്ലാതായി. കഴിഞ്ഞ കാലവർഷത്തിൽ തകർന്ന ചെറുപാതകളുടെ അറ്റകുറ്റപ്പണികൾ പോലും ചെയ്യാതിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വേനൽമഴ ശക്തമായത്. ഉണ്ടായിരുന്ന റോഡും തകർന്ന് യാത്ര ദുഷ്‌ക്കരമായി. കുഴികൾ നിറഞ്ഞ ഗ്രാമീണപാതകളിൽ വെള്ളം നിറഞ്ഞ് കഴിഞ്ഞപ്പോൾ കുഴിയേത് വഴിയേത് എന്നു തിരിച്ചറിയാനാകാത്ത അവസ്ഥയിലായി. ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ മിക്ക റോഡുകളും തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായി. റോഡുകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കും തുക അനുവദിച്ചതായും ടെൻഡർ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് പണി ആരംഭിക്കുമെന്നാണ് അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. അന്ന് അനുവദിച്ച തുകയുടെ ഇരട്ടി തുകയുെണ്ടങ്കിൽ പോലും തികയാത്തവിധം റോഡുകൾ തകർന്നു.