പൊൻകുന്നം : ശക്തമായ മഴയിൽ മണിമലയാർ കലങ്ങിമറിഞ്ഞതോടെ കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്ത് പരിധിയിൽ ശുദ്ധജലവിതരണം മുടങ്ങി. ജലഅതോറിറ്റിയുടെ പൊൻകുന്നം, കാഞ്ഞിരപ്പള്ളി മേഖലയിലെ ജലവിതരണത്തിന് സഹായമാകുന്ന മണിമലയാറ്റിലെ കരിമ്പുകയത്തുനിന്നുള്ള പമ്പിംഗ് ചെളി നിറഞ്ഞതിനെത്തുടർന്ന് താത്ക്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. കരിമ്പുകയത്തെ പമ്പുഹൗസിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം ഗ്രാമദീപത്തെ വലിയ സംഭരണിയിലെത്തിച്ചതിന് ശേഷമാണ് പൊൻകുന്നം, കാഞ്ഞിരപ്പള്ളി മേഖലയിലെ സംഭരണികളിലേക്ക് വിതരണം നടത്തുന്നത്. ശുദ്ധീകരിക്കാൻ കഴിയാത്ത വിധം ചെളി നിറഞ്ഞതിനാലാണ് പമ്പിംഗ് നിറുത്തിവച്ചത്.