വൈക്കം : മിനി എം.സി.എഫിൽ വിജിലൻസ് അന്വേഷണം വേണമെന്ന് പ്രതിപക്ഷം. എന്നാൽ സകലതും വിജിലൻസ് അന്വേഷിക്കട്ടേയെന്ന് ഭരണപക്ഷം. വൈക്കം നഗരസഭയിലെ കഴിഞ്ഞ കൗൺസിലിന്റേയും നിലവിലുള്ള കൗൺസിലിന്റേയും എല്ലാ നടപടികളിലും വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ കൗൺസിൽ യോഗം തീരുമാനിച്ചു. നഗരസഭയിലെ 26 വാർഡുകളിലും പ്ലാസ്​റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സംഭരിക്കാനായാണ് മിനി എം.സി.എഫ് സ്ഥാപിച്ചത്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച ഓരോന്നിനും 67000 രൂപയോളമാണ് നിർമ്മാണ ചെലവ്. എന്നാൽ ഇതിന്റെ പകുതി തുക പോലും ആവശ്യമില്ലെന്നും നിർമ്മാണത്തിൽ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് എൽ.ഡി.എഫിന്റെ ആരോപണം.

സി.പി.എം പാർലമെന്ററി പാർട്ടി നേതാവ് അദ്ധ്യക്ഷനായ, പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെട്ട സ്ഥിരം സമിതി ചർച്ച ചെയ്ത് തീരുമാനമെടുത്ത് കൗൺസിൽ അംഗീകരിച്ചാണ് കരാർ നൽകിയത്. അന്ന് കൗൺസിലിൽ ഇതിനെ അനുകൂലിച്ചവർ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതിന് പിന്നിൽ വില കുറഞ്ഞ രാഷ്ട്രീയമാണുള്ളതെന്നാണ് യു.ഡി.എഫ് പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിലും വിജിലൻസിന് പരാതി നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നേരത്തെ തന്നെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ഈ വിഷയത്തിൽ വകുപ്പ് മന്ത്റിക്കും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. ഭരണപക്ഷം വിജിലൻസിൽ പരാതിപ്പെടാനുള്ള എൽ.ഡി.എഫ് ആവശ്യത്തെ അംഗീകരിച്ചു. എന്നാൽ വിജിലൻസ് അന്വേഷണം കഴിഞ്ഞ എൽ.ഡി.എഫ് കൗൺസിലിന്റെ കാലം മുതൽ ഇന്നുവരെയുള്ള എല്ലാ പ്രവൃത്തികളിലും വേണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. ഒടുവിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാൻ കൗൺസിൽ തീരുമാനിച്ചു.

വെല്ലുവിളിയോടെ ഏ​റ്റെടുക്കുന്നു : എൽ.ഡി.എഫ്

എൽ.ഡി.എഫ് കൗൺസിലിന്റെ കാലത്തെ പ്രവൃത്തികളും വിജിലൻസ് അന്വേഷിക്കുന്നതിൽ യാതൊരു ആശങ്കയുമില്ലെന്നും നിർദ്ദേശം വെല്ലുവിളിയോടെ ഏ​റ്റെടുക്കുന്നെന്നും എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാക്കളായ എസ്.ഹരിദാസൻ നായർ, ആർ.സന്തോഷ്, എബ്രഹാം പഴയ കടവൻ എന്നിവർ പറഞ്ഞു. കഴിഞ്ഞ കൗൺസിലിന്റെ കാലത്താണ് നഗരത്തിൽ ഏ​റ്റവുമധികം വികസന പ്രവർത്തനങ്ങൾ നടന്നത്. അന്ന് പ്രതിപക്ഷത്തായിരുന്ന യു.ഡി.എഫിന് ഇന്നത്തേതിനേക്കാൾ ശക്തമായ നേതൃത്വവുമുണ്ടായിരുന്നു. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടോ അഴിമതിയോ ആരോപിക്കാൻ പ്രതിപക്ഷ അംഗങ്ങൾക്കോ അവരുടെ രാഷ്ട്രീയ നേതൃത്വത്തിനോ അന്ന് കഴിഞ്ഞിട്ടില്ല. ഇന്നാൽ ഈ ഭരണം തുടങ്ങിയത് മുതൽ അഴിമതി ആരോപണങ്ങളുടെ നിഴലിലാണ്. ശ്മശാനം നന്നാക്കിയതിലും ബീച്ച് വൃത്തിയാക്കിയതിലും നഗരസഭയുടെ കെട്ടിടങ്ങളുടെ സെക്യൂരി​റ്റി തുക തിരിച്ചുനൽകുന്നതിൽ പോലും അഴിമതിയാണ്. ഏ​റ്റവും പുതിയതാണ് മിനി എം.സി.എഫ് അഴിമതി

യെന്നും നേതാക്കൾ പറഞ്ഞു.


തനിനിറം പുറത്തു കൊണ്ടുവരും : യു.ഡി.എഫ്

പുതിയ കൗൺസിൽ അധികാരത്തിലേറിയത് മുതൽ എല്ലാ പ്രവർത്തനങ്ങളേയും തടസപ്പെടുത്തുന്നതിനും മാദ്ധ്യമങ്ങൾ വഴി നഗരസഭയേയും ജീവനക്കാരേയും നിരന്തരം അഴിമതിയുടെ പേരിൽ ആക്ഷേപിക്കുന്നതിനുമാണ് എൽ.ഡി.എഫ് ശ്രമിക്കുന്നതെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തി. ഇവരുടെ തനിനിറം പൊതുജനമദ്ധ്യത്തിൽ തുറന്നു കാണിക്കും. എല്ലാ അഴിമതികളും പുറത്തുവരണം. ജനങ്ങളെ തെ​റ്റിദ്ധരിപ്പിച്ച് സൽപ്പേര് നേടാനുള്ള ഇടതുപക്ഷത്തിന്റെ നീക്കം തടയുന്നതിനും സംശുദ്ധമായ നഗരഭരണം ജനങ്ങൾക്ക് നൽകുന്നതിനും വേണ്ടിയാണ് ആറു വർഷക്കാലത്തെ ഭരണത്തെക്കുറിച്ച് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തതെന്ന് ചെയർപേഴ്‌സൺ രേണുകാ രതീഷും, വൈസ് ചെയർമാൻ പി.ടി.സുഭാഷും പറഞ്ഞു.