കോട്ടയം : വർഷങ്ങളായി കുഴിയും വെള്ളക്കെട്ടും നിറഞ്ഞ് പൂവൻതുരുത്ത് പുളിമൂട്ടിൽക്കടവ് റോഡ്. ചെളിനിറഞ്ഞ റോഡിലൂടെ കാൽനടയാത്ര പോലും അസാദ്ധ്യമായിരിക്കുകയാണ്. 2008ൽ കെ.ഇ.ഇസ്മായിൽ എം.പിയുടെ പ്രാദേശിക ഫണ്ടിൽ നിന്ന് തുക ചെലവഴിച്ചാണ് പാലവും അപ്രോച്ച് റോഡും നിർമ്മിച്ചത്. പൂവൻതുരുത്ത് നിന്ന് ചിങ്ങവനം, ചാന്നാനിക്കാട് എന്നിവിടങ്ങളിലേക്ക് പോകുന്നതിനുള്ള എളുപ്പമാർഗമാണിത്. പ്ലാമൂട് നിന്ന് ആരംഭിക്കുന്ന റോഡ് അവസാനിക്കുന്ന ഭാഗംവരെ നിരവധി കുഴികളാണുള്ളത്. പാക്കിൽ കവല പൂവൻതുരുത്ത് റോഡ് ബ്ലോക്ക് ചെയ്യുമ്പോൾ ചിങ്ങവനം, പാക്കിൽ കവല, ചാന്നാനിക്കാട് എന്നിവിടങ്ങളിലേയ്ക്ക് വാഹനങ്ങൾ കടന്നുപോകുന്നത് ഈ റോഡിലൂടെയാണ്. വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ കുഴികളുടെ വലിപ്പം അറിയാത്തത് അപകടത്തിനും ഇടയാക്കുന്നു.

റോഡിന് ഇരുവശവും പാടം

ഇരുചക്രവാഹനങ്ങളിൽ പിന്നിലിരുന്ന യാത്രചെയ്യുന്നവർ കുഴി ആരംഭിക്കുന്ന ഭാഗം മുതൽ വെള്ളക്കെട്ടിലൂടെ ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്. വഴി അറിയാതെ എത്തുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിലേറെയും. ഇരുചക്രവാഹനങ്ങൾ ചെളിയിൽ കയറി തെന്നി മറിയുന്നത് പതിവാണ്. റോഡിനു ഇരുവശവും പാടശേഖരമായതിനാൽ വെള്ളം പെട്ടെന്ന് കയറും.