ഏറ്റുമാനൂർ : വഴിയുടെ ഒത്തനടുക്കിന് അരികിലായി ഒരു കിണർ. അതും ജീർണാവസ്ഥയിൽ ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിൽ. ഭീതിയോടെയല്ലാതെ ഇതുവഴി എങ്ങനെ യാത്ര ചെയ്യും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ബ്ലോക്ക് പടി ചന്ത്രോത്ത് പടി റോഡിന്റെ അരികിലാണ് കിണർ സ്ഥിതി ചെയ്യുന്നത്. കരിങ്കൽ സംരക്ഷണ ഭിത്തി കാലപ്പഴക്കം മൂലം ജീർണാവസ്ഥയിലാണ്. വാഹനം കടന്നുപോകമ്പോൾ സംരക്ഷണ ഭിത്തിയിൽ നിന്ന് കല്ലുകൾ അടർന്ന് കിണറ്റിൽ വീഴുക പതിവാണ്. ഭാരവണ്ടികൾ പോകുമ്പോൾ ഭിത്തിയും തൂണും ഇടിഞ്ഞ് വീഴുമോയെന്ന ഭയത്തിലാണ് പ്രദേശവാസികൾ. നിരവധി തവണ പരാതികൾ കൊടുത്തെങ്കിലും അധികൃതർക്ക് ഒരു കുലുക്കവുമില്ല.
പോംവഴിയുണ്ട് പക്ഷെ...
ബ്ലോക്ക് ഓഫീസിന്റെ പിൻഭാഗത്ത് അതിര് തിരിച്ച് മതിൽ കെട്ടുന്ന പണികൾ നടന്നു വരുന്നുണ്ട്. കിണറിന്റെ ഭാഗത്തുള്ള പണികളും നടക്കേണ്ടതുണ്ട്. കിണറിന്റെ റോഡിനോട് ചേർന്ന ഭാഗം കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയാൽ ഭീതിയകലുമെന്നാണ് നാട്ടുകാർ പറയുന്നത്. കിണറിന്റെ കര കോൺക്രീറ്റ് ബീം ഇട്ട് ബലപ്പെടുത്തി കെട്ട് ഒതുക്കിയാൽ യാത്രാ തടസവും മാറും. പക്ഷെ ആര് ഇതൊക്കെ ചെയ്യുമെന്നാണ് ഉയരുന്ന ചോദ്യം.
കിണറിന്റെ റോഡരികിൽ അപകടാവസ്ഥയിലുള്ള ഭാഗം പൊളിച്ച് കോൺക്രീറ്റ് ബീം ഇട്ട് ബലപ്പെടുത്തി ഒതുക്കിക്കെട്ടിയാൽ റോഡിന് വീതിയുമാകും കിണറിന്റെ അപകട സ്ഥിതിയും മാറും
രശ്മി ശ്യം (വാർഡ് കൗൺസിലർ)
വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ മതിലിന്റെ കല്ലിടിഞ്ഞ് കിണറ്റിൽ വീഴുന്ന ശബ്ദം കേൾക്കാം. മതിലും തൂണും നിലം പൊത്തുമോ എന്ന ഭയമുണ്ട്. പലവട്ടം ബ്ലോക്ക് ഓഫീസിൽ അറിയിച്ചിട്ടും പ്രയോജനമുണ്ടായില്ല. റോഡിനാണേൽ വീതി കുറവാണ്.
ജോമി ജോൺസി,ആനാത്തിൽ