കുമരകം : കോണത്താറ്റ് പാലത്തിന്റെ പേര് മാറ്റിയതിന് എതിരെ കോണത്താറ്റ് കുടുംബം പരാതി നൽകി. തോമസ് കോണത്താറ്റിന്റെ ചെറുമകൻ റോയി ഫിലിപ്പ് കോണത്താറ്റാണ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്. കോണത്താറ്റ് പാലത്തെ കാരിക്കത്തറ പാലമെന്ന പുതിയ പേര് നൽകിയതും പുനർനിർമ്മാണ ഉദ്ഘാടന ഫലകത്തിൽ കാരിക്കത്തറ പാലമെന്ന ആലേഖനം ചെയ്തതുമാണ് പരാതിയ്ക്ക് കാരണമായത്.
90 വർഷം മുൻപ് കോണത്താറ്റ് തോമസ് സൗജന്യമായി വിട്ട് നൽകിയ വസ്തുവിലാണ് നിലവിലെ പാലം സ്ഥിതി ചെയ്യുന്നത്. തോമസിന്റെ സുഹൃത്തായ കുമരകം മേനോൻ വീട്ടിൽ നാരായണ മേനോന്റെ അഭ്യർത്ഥന പ്രകാരമാണ് സ്ഥലം വിട്ടു നൽകിയത്. കുമരകത്തിന്റെ വികസനത്തിന്റെ ആദ്യചുവടുവയ്പ്പിന് കോണത്താറ്റ് കുടുംബം ചെയ്ത സംഭാവനകൾ അവിസ്മരിക്കരുതെന്ന് റോയി ഫിലിപ്പ് പറഞ്ഞു.