പാലാ : ഒരിക്കൽ സിവിൽ സർവീസ് സ്വപ്നവുമായി കാഞ്ഞങ്ങാട് രാവണേശ്വരത്തെ എക്കാൽ വീട്ടിൽ നിന്ന് പാലായിലേക്ക് വണ്ടികയറിയ നിഥിൻ രാജ് ഇന്ന് പാലാ സബ്ഡിവിഷന്റെ ചുമതലയുള്ള എ.എസ്.പി. രാജ്യത്തെ 210ാം റാങ്കോടെ ഐ.പി.എസ്. നേടിയ മിന്നുന്ന വിജയം. ''എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന ഒരു മുഹൂർത്തമാണിത്. സിവിൽ സർവീസ് പരിശീലനത്തിനായി ഞാൻ പാലായിൽ വന്നു. ഇവിടെത്തന്നെ എ.എസ്.പി ആയി നിയമനവും ലഭിച്ചു. നിഥിൻ രാജ് 'കേരളകൗമുദി 'യോട് മനസ് തുറന്നു. എഴുത്ത്, പ്രസംഗം, മാജിക്, നാടകം, പ്രചോദനാത്മക പ്രഭാഷണങ്ങൾ. സർവകലാ വല്ലഭനാണ് ഈ ഇരുപത്താറുകാരൻ.

ആദ്യം പാമ്പാടി ആർ.ഐ.ടി.യിൽ മെക്കാനിക്കൽ എൻജിനിയറിംഗ് കോഴ്‌സിന് ചേർന്നു. 2016 ൽ ഉന്നത മാർക്കോടെ ബി.ടെക്ക് നേടി. ഇതിനിടയിൽ സിവിൽ സർവീസ് പരിശീലനം ആരംഭിച്ചിരുന്നു. ഓപ്ഷണൽ വിഷയമായി മലയാളം തിരഞ്ഞെടുത്ത നിഥിൻ രാജ് ഇതിനായി നൂറുകണക്കിന് പുസ്തകങ്ങളാണ് വായിച്ചു തീർത്തത്. പാലാ സെന്റ് തോമസ് കോളേജിലെ മലയാള വിഭാഗം മേധാവി ഡോ.ഡേവീസ് സേവ്യറിന്റെയും, സെന്റ് തോമസ് കോളേജിലെ റിട്ട.മലയാളം പ്രൊഫ.ഡോ.ബേബി തോമസിന്റെയും പ്രിയ ശിഷ്യനാണിദ്ദേഹം. ഇന്നലെ ഇരുവരും പാലാ ഡിവൈ.എസ്.പി ഓഫീസിലെത്തിയപ്പോൾ കസേരയിൽ നിന്ന് എഴുന്നേറ്റ് നിന്ന് വണങ്ങിയാണ് നിഥിൻ സ്വീകരിച്ചത്.

ഇതിന് മുമ്പ് പാലാ സബ്ഡിവിഷനിൽ ഒരേയൊരു ഐ.പി.എസ് ഓഫീസറേ എ.എസ്.പി.യായി സേവനം അനുഷ്ഠിച്ചിട്ടുള്ളൂ. ഐ.ജി ദിനേന്ദ്രകശ്യപ്.

നാദാപുരത്ത് നിന്നാണ് നിഥിൻരാജ് ഇപ്പോൾ പാലായിലേക്ക് വരുന്നത്. രാജേന്ദ്രൻ നമ്പ്യാർ - ലത ദമ്പതികളുടെ മകനാണ്. അശ്വതിയാണ് ഏക സഹോദരി. ഭാര്യ : ഡോ.ലക്ഷ്മി കൃഷ്ണൻ.

പാലായ്ക്കായി വിവിധ പദ്ധതികൾ

ഒരു ഉദ്യോഗാർത്ഥി എന്ന നിലയിൽ പാലായിൽ വന്ന എനിക്ക് ഒന്നര വർഷത്തെ ജീവിതം കൊണ്ട് ഇവിടുത്തെ ചലനങ്ങൾ കൃത്യമായി അറിയാം. പുതുതലമുറയെ സഹായിക്കാൻ ഉദ്ദേശിച്ചുള്ള വിവിധ കാര്യങ്ങൾ മനസിലുണ്ട്. എത്രയുംവേഗം ഇവ നടപ്പിൽ വരുത്തണമെന്നാണ് ആഗ്രഹം നിഥിൻ രാജ് പറഞ്ഞു. നമ്മുടെ മനസിൽ സിവിൽ സർവീസിനോട് അടങ്ങാത്ത ഒരു അഭിനിവേശം തോന്നിയാൽ അത് നമ്മൾക്ക് കിട്ടിയിരിക്കും. ഈ താത്പര്യം ആത്മാർത്ഥമാണെങ്കിൽ, ഇതിനുവേണ്ടിയുള്ള സ്ഥിരോത്സാഹവും പരിശ്രമവും നടത്തിയാൽ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.