കോട്ടയം: ഏതൊരു മനുഷ്യനെയും ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് ബാല്യകാലത്തെ ദുഃഖങ്ങളും അതേക്കുറിച്ചുള്ള ഒാർമ്മകളുമാണെന്ന് നവജീവൻ ട്രസ്റ്റ് പി.യു.തോമസ് പറഞ്ഞു. സ്‌കൂൾ പഠനകാലത്ത് വീട്ടിൽ നിന്നു കൊണ്ടുവരുന്ന ഭക്ഷണം വിശന്നിരിക്കുന്ന കുട്ടുകാർക്ക് പങ്കുവെച്ചു കൊടുത്താണ് തന്റെ കാരുണ്യ പ്രവർത്തനങ്ങളുടെ തുടക്കം. ബാല്യകാലത്ത് മറ്റുള്ളവരെ സഹായിക്കുന്നതിനായി നടത്തിയ പ്രയത്നങ്ങളെക്കുറിച്ചും പ്രയാസങ്ങളെക്കുറിച്ചും പി.യു തോമസ് വിവരിച്ചപ്പോൾ സദസിലുണ്ടായിരുന്നവരുടെ കണ്ണു നനഞ്ഞു. കേരളകൗമുദി നവജീവൻ ട്രസ്റ്റി പി.യു തോമസിനെക്കുറിച്ച് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
15ാം വയസിൽ സ്‌കൂളിനു സമീപത്തെ കടയിൽ നിന്ന് സുഹൃത്തുക്കൾക്ക് ഭക്ഷണം വാങ്ങിനൽകുമായിരുന്നു. അധികദിവസം അതിനു പറ്റാതായതോടെ, ജോലി ചെയ്ത് പണം സമ്പാദിച്ച് മറ്റുള്ളവരെ സഹായിക്കണമെന്ന ചിന്തയിലായി. അങ്ങിനെ 65 പൈസയുമായി ആലുവയിലേക്ക് തിരിച്ചു. നിരവധി വീടുകളിൽ അടുക്കള ജോലിചെയ്തും കുട്ടികളെയും പശുക്കളെയും നോക്കിയും കഴിഞ്ഞു. കുറച്ചുപൈസയുമായി നാട്ടിലേക്ക് മടങ്ങിയെത്തി. സ്‌കൂൾ പഠനം പുനരാരംഭിച്ചു. അതിനിടയിലും മെറ്റിൽ അടിയ്ക്കാൻ പോയി പണം സമ്പാദിച്ച് സുഹൃത്തുക്കൾക്ക് ഭക്ഷണം വാങ്ങി നൽകുമായിരുന്നു. ഇടക്കാലത്ത് രോഗം ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായി. അവിടെ ആശുപത്രിയിൽ എത്തുന്നവരെ സഹായിക്കുന്നതിനു പരിശ്രമിച്ചു. അക്കാലത്ത് ഹോസ്റ്റലിൽ മിച്ചം വരുന്ന ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്യാൻ തുടങ്ങി.
സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കാലത്താണ് കാരുണ്യപ്രവർത്തനങ്ങളുടെ തുടക്കം. ഈ സമയത്ത് ഏറ്റവും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നത് തന്റെ വീട്ടുകാരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യയ്ക്കും ജന്മനാ തളർന്നുപോയ മകനും നാലും പെൺമക്കൾക്കുമൊപ്പം വാടകവീട്ടിലായിരുന്നു താമസം. എന്നിട്ടും വീട്ടുകാർ വഴിയിൽ ഉപേക്ഷിച്ചു പോകുന്ന മനോരോഗികളെ സംരക്ഷിക്കുന്നതിനായി മെഡിക്കൽ കോളേജിലെ ഒരുമുറിയിൽ നവജീവൻ ട്രസ്റ്റ് ആരംഭിച്ചു. അലഞ്ഞു തിരിഞ്ഞു നടന്ന നിരവധി മനോരോഗികളെ സംരക്ഷിച്ചു. ഇന്ന് പനമ്പാലത്തെ അഞ്ച് ഏക്കർ സ്ഥലത്താണ് നവജീവൻ ട്രസ്റ്റ് സ്ഥിതിചെയ്യുന്നത്.
ക്‌നാനായ സമുദായത്തിന്റെയും മോൺസിഞ്ഞോർ കുര്യാള അച്ചന്റെയും വിദേശത്തുള്ള ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പ്രമുഖ വ്യക്തികളുടെയും സഹായത്തോടെയുമാണ് പ്രവർത്തനം. ഒരുമാസം ഭക്ഷണം നൽകുന്നതിന് 33 ലക്ഷം രൂപയാണ് ചെലവ്. ആറ് വർഷമായി ഹൈറേഞ്ചിലെ പാവപ്പെട്ട രോഗികൾക്ക് 3000 രൂപ വീതം 30 ലക്ഷം രൂപ നൽകിവരുന്നു. 5 ലക്ഷം രൂപയുടെ കാരുണ്യ പ്രവർത്തനം ചെയ്യുന്നു. ക്രിമിനൽ കുറ്റകൃത്യങ്ങൾ ഒഴിവാക്കുന്നതിനായി എല്ലാ കോളനികളിലും കുട്ടികൾക്കായി എല്ലാ പത്രങ്ങളും എത്തിക്കുന്നു. 20 സ്‌കൂളിൽ പാട്ട്, യോഗ, ഡാൻസ് എന്നിവ പഠിപ്പിക്കുന്നു. 45 ഗർഭിണികളായ സ്ത്രീകളെ സംരക്ഷിച്ചു. കേസിൽ പെട്ട് പൊലീസ് എത്തിക്കുന്ന ആളുകളെയും സംരക്ഷിക്കുന്നു. ഇവർക്കായി മോനിപ്പള്ളിയിൽ ചികിത്സ നൽകുന്നു.
ഇത്തരത്തിലൊരു വേദി ഒരുക്കിത്തന്ന കേരളകൗമുദിയോടും പത്രാധിപൻമാരോടും പിന്നിൽ നിന്ന് പ്രവർത്തിച്ചവരോടും നന്ദി അറിയിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ രംഗത്തക്കം പ്രമുഖ സ്ഥാനങ്ങൾ വഹിക്കുന്നവർ അനാഥാലയങ്ങളും നിസഹയരായി കഴിയുന്ന മാതാപിതാക്കളെയും സന്ദശിക്കണമെന്നും പി. യു. തോമസ് അഭ്യർത്ഥിച്ചു.