പാലാ : ഗതാഗതനിയന്ത്രണത്തിനിടെ യാത്രക്കാരോട് തട്ടിക്കയറിയ ഗ്രേഡ് എസ്.ഐയെ ഹൈവേയിലേക്ക് സ്ഥലം മാറ്റി. എ.എസ്.ഐയ്ക്കും, രണ്ടുപൊലീസുകാർക്കുമെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പാലായിൽ കഴിഞ്ഞ കുറെ നാളുകളായി ഗതാഗതക്കുരുക്ക് തുടർക്കഥയാണ്. ഒരുവിഭാഗം പൊലീസുകാർ വെയിലും മഴയുമേറ്റ് കഠിനമായി പണിയെടുക്കുമ്പോൾ മറ്റൊരുവിഭാഗം തികഞ്ഞ അലംഭാവം പുലർത്തുകയാണെന്നായിരുന്നു ആക്ഷേപം. ഇതിനിടെയാണ് പാലാ ടൗൺ ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിയിലുള്ള ട്രാഫിക് പൊലീസിനെക്കുറിച്ച് ഗുരുതര ആരോപണം ഉയർന്നത്. യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നത് തുടർക്കഥയായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഗ്രേഡ് എസ്.ഐ, എ.എസ്.ഐ എന്നിവരുടെ നേതൃത്വത്തിൽ നാലുപേരാണ് ഇവിടെ ഡ്യൂട്ടിയിലുള്ളത്. എയ്ഡ് പോസ്റ്റിൽ വിശ്രമിക്കലാണ് ഇവരുടെ സ്ഥിരം പരിപാടി. റിവർവ്യൂ റോഡിൽ ഗതാഗതക്കുരുക്കുണ്ടായാലും ഇവർ അനങ്ങില്ല. സ്വകാര്യ ബസിൽ കാക്കിയിടാതെ ജോലി ചെയ്ത ഡ്രൈവറെയും കണ്ടക്ടറെയും പിടികൂടി ഡ്രൈവറിൽ നിന്നു മാത്രം പിഴ ഈടാക്കിയതും ഈ ഗ്രേഡ് എസ്.ഐയായിരുന്നു.