കോട്ടയം: ലാഭനഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കാതെ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കുന്ന കേരളകൗമുദി മറ്റു പത്രങ്ങൾക്ക് എക്കാലവും മാതൃകയാണെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. 'നവജീവൻ' ട്രസ്റ്റിയും ജീവകാരുണ്യ പ്രവർത്തകനുമായ പി.യു. തോമസിനെക്കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച "അശരണരുടെ ഈശ്വരൻ " പ്രത്യേക പതിപ്പ് കോട്ടയം പ്രസ് ക്ലബ് ഹാളിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിർഭയത ഇന്നും കാത്തുസൂക്ഷിച്ച് യഥാർത്ഥ പത്രധർമ്മം നടത്തുന്നത് കേരളകൗമുദി മാത്രമാണ് . മലയാളമനോരമ അടക്കം പ്രമുഖപത്രങ്ങളിലെ പുതുതലമുറ സാരഥികൾ ചുമതലയേൽക്കും മുമ്പ് തിരുവനന്തപുരത്ത് എത്തി പത്രാധിപർ കെ.സുകുമാരനെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നത് ആ പാരമ്പര്യത്തിന്റെ പ്രത്യേകത ഉൾകൊള്ളാനായിരുന്നു. പത്രാധിപരും ഭാര്യയും കേരളകൗമുദിയുടെ ഒരു ചടങ്ങിന് വിളക്കു കൊളുത്തുന്ന ഫോട്ടോ പ്രസിദ്ധീകരിച്ചതിനെ വിമർശിച്ച് ഒരു വായനക്കാരൻ കത്തയച്ചപ്പോൾ ആ കത്ത് പ്രാധാന്യത്തോടെ പ്രസിദ്ധികരിക്കുകമാത്രമല്ല, ഇനി ആവർത്തിക്കില്ലെന്ന ഖേദപ്രകടനവും പത്രാധിപർ നടത്തി. മറ്റു പത്രങ്ങൾ ആയിരുന്നെങ്കിൽ വിമർശിച്ചുള്ള കത്ത് പ്രസിദ്ധീകരിക്കില്ലായിരുന്നു. ഇതാണ് കേരളകൗമുദിയെ മറ്റു മാദ്ധ്യമങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
"അശരണരുടെ ഈശ്വരൻ "ആദ്യപതിപ്പ് തോമസ് ചാഴികാടൻ എം.പിക്ക് നൽകി ഗവർണർ പ്രകാശനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് ആർ. ബാബുരാജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, നവജീവൻ ട്രസ്റ്റി പി. യു.തോമസ്, ജയിംസ് കുട്ടൻചിറ എന്നിവർ പ്രസംഗിച്ചു.
സ്പൈസസ് ബോർഡ് ചെയർമാൻ എ.ജി തങ്കപ്പൻ, എസ്.എൻ.ഡി.പി കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, സെക്രട്ടറി ആർ.രാജീവ്, കൗൺസിലർ സജീഷ് മണമലേൽ ,രാജേന്ദ്ര പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു. വിശിഷ്ടാതിഥികൾക്ക് കേരളകൗമുദിയുടെ ഉപഹാരങ്ങൾ യൂണിറ്റ് ചീഫ് സമർപ്പിച്ചു.