ചിങ്ങവനം : നിറയെ കുണ്ടും കുഴികളും, മഴ പെയ്തതോടെ വെള്ളക്കെട്ടും...ഇത് ഒരു റോഡ് തന്നെയാണോ ! യാത്രക്കാ‌ർക്ക് ദുരിതം സമ്മാനിച്ച് ചാന്നാനിക്കാട് - കൊല്ലാട് റോഡ് ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ചിങ്ങവനം ഭാഗത്തുനിന്ന് എളുപ്പത്തിൽ കൊല്ലാട്ടേക്കുള്ള എത്താനുള്ള പ്രധാനമാർഗമാണിത്. ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. കുഴിയിൽ ചാടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. പൂവൻതുരുത്ത്, പ്ലാമൂട് ഭാഗങ്ങളിലേക്ക് പോകുന്നതിനും യാത്രക്കാർ ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. കുത്തനെ ഇറക്കമുള്ള റോഡിന്റെ ഇരുവശങ്ങളും തകർന്നു തരിപ്പണമായി മെറ്റലും ചരലും റോഡിൽ നിറഞ്ഞ നിലയിലാണ്. ശക്തമായ മഴയിൽ വെള്ളമൊഴുക്കിനെ തുടർന്ന് റോഡിന്റെ വശങ്ങളിലെ ടാറിംഗ് ഒഴുകിപ്പോകുകയായിരുന്നു. രാത്രികാലങ്ങളിൽ കുഴിയറിയാതെ എത്തുന്ന ബൈക്ക് യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നതിലേറെയും. കുഴിയിൽ ചാടി വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നതും പതിവാണ്. ചാന്നാനിക്കാട് സ്‌കൂൾ ചെയ്യുന്നതിന് സമീപത്തെ റോഡിന്റെ സ്ഥിതിയും സമാനമാണ്. റോഡിലെ കുഴികളടച്ച് റീടാറിംഗ് ചെയ്യണമെന്നാണ് ആവശ്യം.