മുത്തോലി : മാണി സി കാപ്പൻ എം.എൽ.എയുടെ കരുതലിൽ മുത്തോലി പഞ്ചായത്തിലെ ഇടയാറ്റ് നിവാസികളുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാകുന്നു. ഇടയാറ്റു പാലം പുതുക്കിപ്പണിയുന്നതിന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 75 ലക്ഷം രൂപയാണ് അനുവദിച്ചത്. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി മീനാഭവൻ നിലവിലുള്ള പാലത്തിന്റെ ദുരവസ്ഥ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മുത്തോലി പഞ്ചായത്തിനെയും, പാലാ നഗരസഭയെയും ബന്ധിപ്പിച്ച് മീനച്ചിൽ തോടിന് കുറുകെയുള്ള ഇടയാറ്റ് പാലത്തിന് വീതി കുറവായതിനാൽ പാലത്തിലൂടെയുള്ള യാത്ര ദുരിതമായിരുന്നു. ഇടയാറ്റ് ബാലഗണപതി ക്ഷേത്രം, പാലാ സൗത്ത് ഗവ. എൽ.പി.സ്‌കൂൾ, ശ്രീവിനായക നഴ്‌സറി സ്‌കൂൾ, പാലാ - പൊൻകുന്നം ഭാഗങ്ങളിലേക്ക് പോകേണ്ടവരുടെ ആശ്രയാണ് പാലം. കാറും ജീപ്പും കഷ്ടിച്ചാണ് പാലത്തിലൂടെ കടന്നു പോകുന്നത്. രണ്ട് ചെറുവാഹനങ്ങൾക്ക് ഒരേ സമയം ഇരു ദിശകളിലേയ്ക്കും കടന്നു പോകാനുള്ള വീതിയില്ല. നിലവിലുള്ള പാലത്തിന്റെ തൂണുകൾ അശാസ്ത്രീയമായി സ്ഥാപിച്ചിരുന്നതിനാൽ ജലമൊഴുകുന്നതിനെയും പ്രതികൂലമായി ബാധിച്ചിരുന്നു.
ഒക്ടോബർ മാസത്തോടെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് പാലം നിർമ്മാണം തുടങ്ങാനാവുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി മീനാഭവൻ അറിയിച്ചു.