ഏറ്റുമാനൂർ : നഗരസഭയുടെ മാലിന്യ നിർമ്മാർജ്ജനത്തെയും, കുടുംബശ്രീയുടെ ഹെൽത്ത് ക്ലബിനെയും രൂക്ഷമായി വിമർശിച്ച് ഏറ്റുമാനൂർ നഗരസഭയുടെ ഓഡിറ്റ് റിപ്പോർട്ട്. കുടുംബശ്രീ വനിതകൾക്കായി ആരംഭിച്ച ജിംനേഷ്യം നിറുത്തിയത് ശരിയല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
വാർഷിക കണക്കുകളിലുള്ള അപാകതകൾ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ കണക്കുകളിൽ വന്നിരിക്കുന്ന പൊരുത്തക്കേട്, രസീതുകൾ പരിശോധനയ്ക്ക് ഹാജരാക്കാത്തത്, നികുതി നിർണയത്തിലെ അപാകതകൾ, കാര്യക്ഷമമല്ലാത്ത വാടക പിരിവ്, പൊതു ടാപ്പുകളുടെ വെള്ളക്കരത്തിൽ ഭീമമായ കുടിശിക എന്നിങ്ങനെ വിശമായ റിപ്പോർട്ടാണ് ഓഡിറ്റ് വിഭാഗം സമപ്പിച്ചിരിക്കുന്നത്. വിവിധ ഇടങ്ങളിൽ സോളാർ ലൈറ്റുകൾ സ്ഥാപിച്ചതിലും അപാകതയുണ്ട്.
മാലിന്യ സംസ്‌കരണത്തിന് പദ്ധതി നടപ്പിലാക്കുന്നതിന് തീരുമാനമെടുത്തെങ്കിലും തുടർനടപടി ആവിഷ്‌ക്കരിച്ചില്ല. ബയോബിൻ പ്രോജക്ടിൽ 890 ഗുണ ഭോക്താക്കൾക്ക് ബയോബിൻ നൽകാൻ തീരുമാനിച്ചിരുന്നു. പദ്ധതിക്ക് കേന്ദ്ര - സംസ്ഥാന വിഹിതം ലഭ്യമായിട്ടും പദ്ധതി പ്രാവർത്തികമാകാത്തതിന്റെ വിശദീകരണം ചോദിച്ചെങ്കിലും നൽകിയില്ല. തുമ്പൂർമൂഴി മാതൃകയിൽ മാലിന്യ സംസ്‌കരണ യൂണിറ്റ് നിർമാണം പൂർത്തിയായെങ്കിലും സംസ്‌കരണം നടന്നില്ല.
ആധുനിക ഉപകരണങ്ങൾ നശിക്കുന്നു
വനിത റിസോഴ്‌സ് സെന്റർ ആൻഡ് ഹെൽത്ത് ക്ലബിൽ ജിംനേഷ്യവും യോഗയും വനിതകളെ പരിശീലിപ്പിച്ചിരുന്നു. 4,75, 000 രൂപ ചെലവഴിച്ച് വാങ്ങിയ ആധുനിക ഉപകരണങ്ങൾ വെറുതെ കിടന്ന് നശിക്കുകയാണ്. കൊവിഡ് വ്യാപനത്തെ തുടർന്നാണ് ജിംനേഷ്യം പൂട്ടിയത്. ഇതിനായി വാങ്ങിയ ട്രെഡ്മിൽ, വെയ്റ്റ് ലിഫ്റ്റിംഗ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കുന്നില്ല.