കനത്തമഴയിൽ കൽക്കെട്ടിളകി തോട്ടിൽ പതിച്ചു
കൂടപ്പുലം: കനത്തമഴയിൽ അടിത്തട്ടിലെ കൽക്കെട്ടിളകി തോട്ടിൽ പതിച്ചതോടെ ചൂരത്തടിപ്പാലം അപകടാവസ്ഥയിൽ. ഇതോടെ രണ്ട് ഗ്രാമങ്ങൾ തമ്മിലുള്ള ബന്ധം മുറിഞ്ഞു. രാമപുരം ഗ്രാമപഞ്ചായത്തിലെ 15ാം വാർഡായ കൂടപ്പുലത്തെ ചൂരത്തടിപ്പാലം കഴിഞ്ഞ ദിവസത്തെ തകർന്നത്. കൂടപ്പുലം ഇടക്കോലി റൂട്ടിൽ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച പാലമാണിത്. പാലത്തിൽ കാട്ടുകമ്പുകൾ നാട്ടി പരിസരവാസികൾ പാലത്തിൽ അപകട മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുണ്ട്.. പാലം അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള വാഹനഗതാഗതവും പൂർണമായും തടസപ്പെട്ടു. സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ നിത്യേന സഞ്ചരിക്കുന്ന വഴിയിലാണ് അപകടക്കെണി രൂപപ്പെട്ടിരിക്കുന്നത്. രാമപുരം പഞ്ചായത്തിന്റെ അധീനതയിലുള്ള പാലമാണ് ഇടിഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളിൽ ഈ ഭാഗത്ത് കനത്ത മഴയായിരുന്നു. ഇതോടൊപ്പം ഭാരം കയറ്റിയ വാഹനങ്ങൾ തുടരെ ഇതുവഴി സഞ്ചരിച്ചതും പാലത്തിന്റെ അപകടസ്ഥിതിക്ക് കാരണമായതായി പരിസരവാസികൾ പറയുന്നു. പാലം തകർന്നതോടെ ഇതുവഴിയുള്ള കാൽനടയാത്രപോലും ആശങ്കയുണർത്തുന്നുണ്ടെന്ന് പരിസരവാസികൾ ചൂണ്ടിക്കാട്ടുന്നു. വലിയ ശബ്ദത്തോടെയാണ് പാലത്തിന്റെ അടിതട്ട് ഇടിഞ്ഞ് തോട്ടിൽ വീണതെന്ന് പരിസരവാസിയായ കാവുംപുറത്ത് രാധാ ശശി പറഞ്ഞു.
നടപടി സ്വീകരിക്കും
ചൂരത്തടിപ്പാലം എത്രയും വേഗം ഗതാഗതയോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് രാമപുരം പഞ്ചായത്ത് കൂടപ്പുലം വാർഡ് മെമ്പർ സുശീല മനോജ് പറഞ്ഞു. ഇന്നലെ പഞ്ചായത്ത് അസി. എൻജിനീയറോടൊപ്പം പാലം സന്ദർശിച്ചിരുന്നു. പാലത്തിന്റെ പുനർനിർമ്മാണത്തിനായി പഞ്ചായത്ത് ഫണ്ടും ഒപ്പം എം.എൽ.എ, എം.പി ഫണ്ടുകൾക്കും സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് മെമ്പർ വിശദീകരിച്ചു.