കോട്ടയം: നവീകരണത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പൊളിച്ചതിന് പിന്നാലെ ദുരിതത്തിലായി യാത്രക്കാർ. സ്റ്റാൻഡിൽ മതിയായ സൗകര്യങ്ങൾ ഒരുക്കാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്. പുതിയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് പഴയ കെട്ടിടം പൊളിച്ചുനീക്കിയത്. യാത്രക്കാർക്കായി താത്ക്കാലിക ഷെഡ് നിർമ്മിച്ചിരുന്നു. എന്നാൽ യാത്രക്കാർക്ക് ഇരിക്കാനുള്ള മതിയായ സൗകര്യം പോലും കാത്തിരിപ്പുകേന്ദ്രത്തിലില്ല. പത്തിൽ കൂടുതൽ ആളുകൾക്ക് ഇരിക്കാനുള്ള സംവിധാനം താത്ക്കാലിക വിശ്രമകേന്ദ്രത്തിലില്ല. നിൽക്കാമെന്നും വെച്ചാൽ കൂടുതൽ ആളുകൾക്ക് ഒരേസമയം അതിനുള്ള സൗകര്യം വിശ്രമകേന്ദ്രത്തിനില്ല. ഇതോടെ പലരും കാത്തിരിപ്പു കേന്ദ്രത്തിന് പുറത്ത് നിൽക്കേണ്ട സാഹചര്യമാണ്. പഴയ കെട്ടിടം പൊളിച്ചതിന്റെ ഭാഗമായുണ്ടായ പൊടിയും ചെളിയും വലിയ ദുരിതമായി മാറുന്നുണ്ട്.


ചെളിയിൽ കുഴയും


മഴയായാൽ സ്റ്റാൻഡിൽ ചെളി നിറയും. മഴയിൽ സ്റ്റാൻഡിലെ കുഴിയിൽ വെള്ളം നിറഞ്ഞ് പല സ്ഥലത്തും ചെളി രൂപപ്പെടും. യാത്രക്കാർ ചെളിയിൽ തെന്നിവീഴാതെ പണിപ്പെട്ട് നടക്കേണ്ട സ്ഥിതിയാണ്. ബസ് കടന്നുപോകുമ്പോൾ ചെളി യാത്രക്കാരുടെ ദേഹത്തേയ്ക്ക് വീഴാനുള്ള സാധ്യതയും ഏറെയാണ്. ബസ്‌ബേയിലെ ചെളി മുൻവശത്തെ റോഡിലേക്ക് വ്യാപിച്ചത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു.