പാലാ: ബൈക്ക് മോഷണക്കേസിൽ പ്രതിയെ മൂന്ന് മണിക്കൂറിനുള്ളിൽ പിടികൂടി പാലാ പൊലീസ്. പാലാ ടൗൺ ബിവറേജസിന്റെ പരിസരത്തുനിന്നും മോഷ്ടിച്ച ബൈക്കുമായി വെള്ളിയേപ്പള്ളി പുതുശ്ശേരി വീട്ടിൽ ദിലീപിനെ (37) നെയാണ് പാലാ സി.ഐ. കെ.പി. ടോംസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇന്നലെ ഉച്ചയോടെയാണ് പാലാ വെള്ളാപ്പാട് ചെമ്പകത്തിൽ ബിൽഡിംഗ്‌സിന്റെ പാർക്കിംഗ് ഏരിയായിൽ നിന്നും വിസ്മയ ബിൽഡേഴ്‌സ് ജീവനക്കാരൻ വള്ളിച്ചിറ താമരക്കുളം സ്വദേശി രഞ്ജിത്തിന്റെ ബൈക്കാണ് മോഷണം പോയത്. ഉടൻതന്നെ രഞ്ജിത്ത് പാലാ പൊലീസിൽ വിവരം അറിയിച്ചു. ഇതിനിടെ ഇന്നലെ വൈകിട്ട് 4.30 ഓടെ മോഷ്ടിച്ച വാഹനവുമായി വരുന്നതിനിടെ പാലാ ടൗൺ ബിവറേജസിന് സമീപം ദിലീപിനെ പൊലീസ് തടഞ്ഞുനിർത്തി. തുടർന്ന് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. മറ്റൊരു മോഷണക്കേസിൽ റിമാന്റിലായിരുന്ന ദിലീപ് ഒരാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു. പാലാ സി.ഐ കെ.പി. ടോംസണോടൊപ്പം എസ്.ഐ എം.ഡി. അഭിലാഷ്, എ.എസ്.ഐ ബിജു കെ. തോമസ്, പൊലീസുകാരായ ഹരികുമാർ, രഞ്ജിത്ത്, ജോഷി മാത്യു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പാലാ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.