ചങ്ങനാശേരി : നെല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണുമെന്ന് മന്ത്രി ജി.ആർ അനില്‍. ചങ്ങനാശേരിയിലെ നെല്ല് കെട്ടികിടക്കുന്ന പാടശേഖരങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നെല്ല് സംഭരണം കാര്യക്ഷമമായി നടത്തുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. 5,70865.9 ലക്ഷം ടണ്‍ നെല്ല് ഈ സീസണില്‍ സംഭരിച്ചു. 19789 കൃഷിക്കാരില്‍ നിന്നും നെല്ല് സംഭരിച്ചതിന് 1410.05 കോടി രൂപ കൃഷിക്കാര്‍ക്ക് നല്‍കി. 7499 കൃഷിക്കാര്‍ക്ക് പണം നല്‍കാനുണ്ട്. 22990 കൃഷിക്കാരില്‍ നിന്ന് നെല്ല് സംഭരിക്കാനുണ്ട്. പാട്ടത്തിന് കൃഷി ചെയ്യുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കുന്ന സാഹചര്യം നിലവിലുണ്ട്. അവര്‍ക്കു കൂടി പരിരക്ഷ ലഭിക്കുന്ന തരത്തില്‍ ഇന്‍ഷുറന്‍സുകള്‍ നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.