
കോട്ടയം : സ്കൂൾ തുറക്കാൻ രണ്ടാഴ്ച ശേഷിക്കുമ്പോൾ ജില്ലയിൽ പുസ്തക വിതരണം പുരോഗമിക്കുന്നു. കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി അച്ചടി പൂർത്തിയാക്കിയ പുസ്തകങ്ങൾ ജില്ലാ ഹബ്ബായ പുതുപ്പള്ളി സെന്റ് ജോർജ് ഗവൺമെന്റ് ഹൈസ്കൂളിലാണ് എത്തിച്ചിരിക്കുന്നത്. ഇവിടെ നിന്നാണ് ജില്ലയിലെ വിവിധ സൊസൈറ്റികളിലേയ്ക്ക് കുടുംബശ്രീ പ്രവർത്തകർ പുസ്തകങ്ങൾ എത്തിക്കുന്നത്.
പുസ്തകവിതരണം 35 ശതമാനം കഴിഞ്ഞെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ കണക്ക്. ഒന്നാംവാല്യം പുസ്തകങ്ങളാണ് തുടക്കത്തിൽ എത്തിക്കുന്നത്. പാഠപുസ്തകങ്ങൾ സെമസ്റ്റർ തിരിച്ച് അച്ചടിച്ച് ലഭ്യമാക്കുന്നത് കുട്ടികൾക്ക് ഏറെ ആശ്വാസകരമാണ്. ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ താഴെയായിരിക്കണം ബാഗിലെ പുസ്തകങ്ങളുടെ ആകെ ഭാരം. സെമസ്റ്റർ അടിസ്ഥാനമാകുമ്പോൾ ഭാരംകുറയ്ക്കാം.
ഭാവിയിൽ ഡിജിറ്റലാവും.
ഇ ക്ലാസ് മുറികളും സജ്ജമായതോടെ പുസ്തകങ്ങളും ഡിജിറ്റലൈസ് ആകുന്ന കാലം വിദൂരമല്ല. ഇത്തരത്തിൽ സംവിധാനങ്ങൾ നിലവിൽ വന്നാൽ ക്ലാസിലേയ്ക്ക് പുസ്തകം കൊണ്ടുപോകുന്ന രീതിക്കും മാറ്റം വരും. പാഠപുസ്തകത്തിൽ വിശദമാക്കുന്ന കാര്യങ്ങൾ മനസിൽ കാണുന്നതിന് പകരം കൺമുന്നിലെ സക്രീനിൽ കാണാവുന്ന തരത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനം മാറിക്കഴിഞ്ഞു. സ്മാർട് ക്ലാസ് റൂമുകളിൽ ലാപ്‌ടോപ്, സ്‌ക്രീൻ പ്രോജക്ടർ എന്നിവയുടെ സഹായത്തോടെയാണ് അദ്ധ്യാപകർ പഠിപ്പിക്കുന്നത്. പാഠ്യഭാഗങ്ങൾക്ക് യോജിച്ച വീഡിയോകൾ സ്വയം തിരഞ്ഞെടുത്ത് കുട്ടികളെ കാണിക്കാനുള്ള സ്വാതന്ത്ര്യം അദ്ധ്യാപകർക്കുണ്ട്. എന്നാൽ പലപ്പോഴും മികച്ച വീഡിയോകൾ ലഭിക്കാൻ പ്രയാസം നേരിടുന്നതായി അദ്ധ്യാപകർ പറയുന്നു.
വിതരണം 1-10 ക്ളാസുകാർക്ക് വരെ.
ആകെ ആവശ്യം 1194263.
ഹബിൽ സ്റ്റോക്ക് 434001.
വിതരണം ചെയ്തത് 298179.
വിദ്യാഭ്യാസ ഉപഡയറക്ടർ എൻ.സുജയ പറയുന്നു.
പുസ്തകം വരുന്ന മുറയ്ക്ക് സപ്ളൈ ചെയ്യുന്നുണ്ട്. ഞായറും തുറന്ന് പ്രവർത്തിക്കും. സ്കൂൾ തുറക്കും മുൻപ് വിതരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.