പൊൻകുന്നം:പ്രളയത്തിൽ തകർന്ന ചേനപ്പാടി കടവനാൽകടവ് പാലത്തിന്റെ പുനരുദ്ധാരണ ജോലികൾക്ക് തുടക്കമായി. തെന്നിമാറിയ പാലത്തിന്റെ സ്പാനുകൾ പൂർവസ്ഥിതിയിലാക്കുന്ന ജോലി ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ഖലാസികളുടെ സഹായത്തോടെയാണ് ചെയ്യുന്നത്. പ്രളയത്തിൽ ഒഴുകിയെത്തിയ മരങ്ങളിടിച്ചും സമ്മർദ്ദവും മൂലം പാലത്തിന്റെ സ്പാനുകൾ തെന്നിമാറിയിരുന്നു. ഉപരിതലത്തിൽ വിള്ളൽ വീണിരുന്നു. ഒരു സ്പാൻ രണ്ടടിയിലേറെ നീങ്ങിപ്പോയി. മറ്റ് സ്പാനുകളും ഏതാനും ഇഞ്ചുകൾ തെന്നിമാറി. അന്ന് മുതൽ പാലത്തിലൂടെ വലിയവാഹനങ്ങളുടെ ഗതാഗതമില്ല.
തെന്നിമാറിയ നാല് സ്പാൻ ഉയർത്തി ഉറപ്പിക്കുന്നതിനൊപ്പം പാലത്തിന്റെ അടിത്തട്ടിലെ തകരാർ പരിഹരിക്കൽ, പടവുകൾ പൂർവസ്ഥിതിയിലാക്കൽ തുടങ്ങിയവയും എസ്റ്റിമേറ്റിലുണ്ട്. 64 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണികളാണ് ചെയ്യുന്നത്. 1990ൽ നിർമ്മിച്ച പാലമാണിത്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് മുക്കട, റാന്നി, പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. മണിമല, ചങ്ങനാശേരി റൂട്ടിലേക്കും വാഹനങ്ങൾ ഓടിയിരുന്നത് ഇതുവഴിയാണ്. 9 ബസുകളും ഓടിയിരുന്നു. ബസുകൾ മുടങ്ങിയതോടെ ചേനപ്പാടി, വിഴിക്കിത്തോട് നിവാസികൾ ബുദ്ധിമുട്ടിലാണ്. 45 ദിവസത്തിനുള്ളിൽ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനാവുമെന്നാണ് കരുതുന്നത്.