nalupunk

കുമരകം . കുമരകത്തെ ടൂറിസം വികസനത്തിൽ ഏറെ പ്രതീക്ഷ അർപ്പിച്ച് കാത്തിരുന്ന നാലുപങ്കിലെ ഹൗസ്‌ബോട്ട് ടെർമിനൽ നാശത്തിന്റെ വക്കിൽ. ഒപ്പം അവസാനിയ്ക്കാത്ത വിവാദങ്ങളും. 2016 ൽ ഭരണാനുമതി ലഭിച്ച് നിർമ്മാണം ആരംഭിച്ച പദ്ധതി 2020 നവംബർ 2 ന് ഉദ്ഘാടനം നടക്കുമ്പോഴും പ്രതിസന്ധികളും വിവാദങ്ങളും ഒപ്പം ഉണ്ടായിരുന്നു. മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തിന് വേണ്ടിയുള്ള ഫിഷറീസിന്റെ മത്സ്യസങ്കേതത്തോട് ചേർന്നുള്ള ടെർമിനൽ നിർമ്മാണത്തിനെതിരെ ഫിഷറീസ് വകുപ്പും, തൊഴിലാളികളും രംഗത്തു വന്നിരുന്നു.

1986 ലെ എൻവയണ്മെന്റ് പ്രൊട്ടക്ഷൻ നിയത്തിലെ തണ്ണീർത്തടങ്ങളുടെ പരിപാലനങ്ങൾ സംബന്ധിച്ച 2017 ലെ ചട്ടങ്ങൾ ലംഘിച്ചെന്ന പരാതിയിൽ നിർമ്മാണം നിറുത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ വിവിധ വകുപ്പുകൾ കൂടിയാലോചിച്ച് ക്ലിയറൻസ് വാങ്ങി നിർമ്മാണം പുന:രാരംഭിച്ചു. തർക്കങ്ങൾക്കും സമ്മർദ്ദങ്ങൾക്കും ഒടുവിൽ ഡി ടി പി സിക്ക് കൈമാറിയ ഉടമസ്ഥത തിരികെ വാങ്ങി കുമരകം ഗ്രാമപഞ്ചായത്തിന് നൽകിയ ഉത്തരവ് ഇറങ്ങിയിട്ട് മാസങ്ങളായി. എന്നാൽ പ്രവർത്തനക്ഷമമാക്കാൻ കാലത്താമസം നേരിട്ടതോടെ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. ഒപ്പം ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച പലതും തകർന്നു. യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ടോയ്‌ലറ്റുകൾ, ലൈറ്റുകൾ എന്നിവ ഉപയോഗശൂന്യമായി.

ഇതാണ് നിലവിലെ കാഴ്ച.

വാച്ച് ടവറിന്റെ തകർന്ന കതകുകളും ജനലുകളും.

നടപ്പാതയിൽ ടൈലുകൾ ഇളകി പൊട്ടിയ നിലയിൽ.

മരം വീണ് സംരക്ഷണവേലിയുടെ ഒരുഭാഗം തകർന്നു.


ഹൗസ് ബോട്ടുകൾക്ക് വിശാലമായി പാർക്ക് ചെയ്യാം.

വേമ്പനാട്ട് കായലിന്റെ കുമരകത്തെ തീരങ്ങൾ സ്വകാര്യ റിസോർട്ടുകൾ മോഹവില നൽകി വാങ്ങിയത്തോടെ ആളുകൾക്ക് കായൽ തീരത്തേയ്ക്ക് പോകാൻ ഇടമില്ലാതായി. നാലുപങ്ക് ടെർമിനൽ വന്നതോടെ കുമരകം ടൂറിസ്റ്റ് ഡസ്റ്റിനേഷനിൽ ഹൗസ് ബോട്ടുകൾക്ക് പാർക്ക് ചെയ്യാൻ മികച്ച സൗകര്യമാണ് ലഭ്യമാക്കുന്നത്. അതോടൊപ്പം സൂര്യാസ്തമനം കാണുന്നതിനും, കായൽ ഭംഗി ആസ്വദിക്കുന്നതിനുമുള്ള സൗകര്യവുമുണ്ട്.

40 ഹൗസ്‌ബോട്ടുകൾക്ക് പാർക്ക് ചെയ്യാം.