
കോട്ടയം. 'കേരംതിങ്ങും കേരള നാട്ടിൽ' തേങ്ങ അന്യസംസ്ഥാനത്തുനിന്ന് കൊണ്ടുവരേണ്ട ഗതികേടിലായി. നാടൻതേങ്ങയുടെ പ്രതാപം വിപണിയിലും അസ്തമിക്കുകയാണ്. ഇവിടെ ഉത്പാദനം കുറഞ്ഞതാണ് വരവുതേങ്ങ കൂടുതലായി വിപണിയിലെത്താൻ കാരണം. ഒരു കിലോ തേങ്ങയ്ക്ക് 30 രൂപ മുതലാണ് വില. പാലക്കാടൻ തേങ്ങയും വിപണിയിലുണ്ടെങ്കിലും കൂടുതൽ എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. നാടൻ തെങ്ങുകളും കേരളത്തിൽ ഇപ്പോൾ കുറവാണ്. കൂടുതലും സങ്കരയിനം തെങ്ങുംതൈകളാണ് കർഷകർ വയ്ക്കുന്നത്. വൈക്കം, കടുത്തുരുത്തി മേഖലകളിലാണ് നാടൻ തെങ്ങുകൾ കുറച്ചെങ്കിലും അവശേഷിക്കുന്നത്.
കൃഷിഭവൻ മുഖേന കർഷകർക്ക് വിതരണം ചെയ്യുന്നതും സങ്കരയിനം തെങ്ങിൻ തൈകളാണ്. നാടൻ തെങ്ങുകൾക്ക് കായ്ഫലത്തിന് 10 വർഷത്തിന് മുകളിൽ എടുക്കും. എന്നാൽ സങ്കരയിനം തെങ്ങുകൾ രണ്ടു മുതൽ നാലുകൊല്ലം കൊണ്ട് കായ്ക്കുന്നവ വരെയുണ്ട്. സങ്കരയിനം തെങ്ങിൻതൈകളുടെ കൃഷിക്ക് നാളികേര വികസന വകുപ്പ് സബ്‌സിഡി നൽകുന്നുമുണ്ട്. അതിനാൽ പഴയ തെങ്ങ് വെട്ടിമാറ്റി സങ്കരയിനം വച്ചുപിടിപ്പിക്കുന്നതിന് കർഷകരും നിർബന്ധിതരാകുന്നു. നാടൻ തെങ്ങിനെ സംരക്ഷിക്കാനുള്ള നടപടി അധികൃതർ കൈക്കൊള്ളുന്നില്ല. നാടൻ തേങ്ങ പോലും വരും കാലങ്ങളിൽ അപ്രത്യക്ഷമാകുന്ന സാഹചര്യമാണ് .
തേങ്ങ കിലോ
30രൂപ.
കിടങ്ങൂർ സ്വദേശി നാരായണൻ പറയുന്നു.
നല്ല ഉത്പാദനവും രോഗപ്രതിരോധശേഷിയും ഉണ്ടെങ്കിലും നാടൻ തെങ്ങുകൾക്ക് കായ്ഫലം ഉണ്ടാകാൻ കാലതാമസം എടുക്കും. നാടൻ തേങ്ങയ്ക്ക് രുചിയും കാമ്പും കൂടുതലാണെങ്കിലും വിപണിയിൽ കിട്ടാനില്ലാത്ത സ്ഥിതിയാണ്.