കോട്ടയം: കൊവിഡ് അനാഥരാക്കിയ അഞ്ചു പേർക്ക് കരുതലിന്റെ തണൽ ഒരുക്കി ബാബു ചാഴികാടൻ ഫൗണ്ടേഷൻ. ബാബു ചാഴികാടന്റെ 31-ാം ചരമവാർഷികത്തിന് ഫൗണ്ടേഷൻ നിർമ്മിച്ചു നൽകുന്ന വീടിന്റെ വെഞ്ചരിപ്പും താക്കോൽ ദാനവും അനുസ്മരണ സമ്മേളനവും ഇന്ന് കുറുപ്പന്തറയിൽ നടക്കും.
കഴിഞ്ഞ മേയിൽ കൊവിഡ് ബാധിച്ചു മരിച്ച കൊച്ചുപറമ്പിൽ ബാബുവിന്റെയും ജോളിയുടെയും മക്കളായ ചിഞ്ചു, ബിയ, അൻജു, റിയ മരിയ എന്നിവർക്കും ഇവരുടെ ഇപ്പോഴത്തെ രക്ഷകർത്താവും ഭിന്നശേഷികാരിയുമായ പിതൃസഹോദരി ഷൈബിക്കുമാണ് ഭവനം നിർമ്മിച്ച് നൽകുന്നത്.1600 ചതുരശ്രയടി വിസ്തീർണത്തിൽ രണ്ട് നിലകളിൽ30 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.
വൈകുന്നേരം 5.30ന് കോട്ടയം അതിരൂപത അദ്ധ്യക്ഷൻ ആർച്ച് ബിഷപ് മാത്യു മൂലക്കാട്ടിന്റെയും, പാലാ രൂപത സഹായമെത്രാൻ ജേക്കബ് മുരിക്കന്റെയും കാർമികത്വത്തിൽ വീടിന്റെ വെഞ്ചരിപ്പ് നടക്കും. ഫാ.എബ്രഹാം കുപ്പപുഴുക്കൽ, ഫാ. ജോയി കാളവേലിൽ എന്നിവർ പങ്കെടുക്കും. വീടിന്റെ താക്കോൽ സമർപ്പണം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എം.പി നിർവഹിക്കുമെന്ന് ബാബു ചാഴികാടൻ ഫൗണ്ടേഷൻ ചെയർമാൻ തോമസ് ചാഴികാടൻ എം.പി അറിയിച്ചു.