കൂടപ്പുലം: കൽക്കെട്ട് ഇളകി തകർന്ന ചൂരത്തടിപ്പാലം അടിയന്തിരമായി പുനർനിർമ്മിക്കുമെന്ന് രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് പറഞ്ഞു. രാമപുരം ഗ്രാമപഞ്ചായത്തിലെ 15ാം വാർഡായ കൂടപ്പുലത്തെ ചൂരത്തടിപ്പാലം കഴിഞ്ഞ ദിവസത്തെ കനത്തമഴയിൽ തകർന്നത് 'കേരള കൗമുദി ' റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് ജോഷി ജോസഫ്, മെമ്പർമാരായ മനോജ് ചീങ്കല്ലേൽ, ലിസമ്മ മത്തച്ചൻ, കെ.കെ. ശാന്താറാം, കൂടപ്പുലം വാർഡ് മെമ്പർ സുശീല മനോജ് എന്നിവരുൾപ്പെട്ട സംഘം ഇന്നലെ രാവിലെ പാലം സന്ദർശിച്ചിരുന്നു.

പാലത്തിന്റെ രണ്ടുവശത്തെയും കൽക്കെട്ടുകൾ ശാസ്ത്രീയമായി നിർമ്മിക്കണം. ഇതോടൊപ്പം കൈവരിയും ഘടിപ്പിക്കണം. നിർമ്മാണത്തിന് 10 ലക്ഷം രൂപയോളം ചെലവാകും. പഞ്ചായത്ത് അസി. എൻജിനീയർ എസ്റ്റിമേറ്റ് സമർപ്പിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് പറഞ്ഞു. എം.പി, എം.എൽ.എ ഫണ്ടുകൾ ലഭിക്കാൻ സാധ്യതയില്ല. ഈ സാഹചര്യത്തിൽ പഞ്ചായത്ത് സ്വന്തം നിലയിൽ പാലം നിർമ്മിക്കേണ്ടിവരും. ഇതിനായുള്ള സാങ്കേതിക കാര്യങ്ങൾ എത്രയും വേഗം പൂർത്തിയാക്കി പാലം ഉടൻ പുനർനിർമ്മിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷും വൈസ് പ്രസിഡന്റ് ജോഷി ജോസഫും പറഞ്ഞു.

പാലം തകർന്നു, വഴിയടഞ്ഞു

കൂടപ്പുലം ഇടക്കോലി റൂട്ടിൽ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച പാലമാണ് അടിത്തട്ടിലെ കൽക്കെട്ട് ഇളകി തോട്ടിൽ പതിച്ചതുമൂലം അപകടാവസ്ഥയിലായത്. പാലം തകർന്നതോടെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി തടസ്സപ്പെട്ടിരിക്കുകയാണ്. പാലം പുനർനിർമ്മിച്ചില്ലെങ്കിൽ യാത്രാക്ലേശം രൂക്ഷമാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.