കോട്ടയം: അന്യസംസ്ഥാന സർവീസ് നടത്തുന്ന ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ബസ് ഡ്രൈവർ കോതമംഗലം വടക്കേവേലിക്കകത്ത് പി.എൻ സൂര്യ (25), ലോറി ഡ്രൈവർ ആസാം സ്വദേശി മിനറൂൾ ഇസ്ലാം (18), പശ്ചിമബംഗാൾ സ്വദേശി അലി (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 7.30 ന് കോടിമതയിലാണ് സംഭവം. ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും, ചങ്ങനാശേരി ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന കോഴി കയറ്റി വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ സൂര്യ ബസിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. വിവരമറിഞ്ഞ് കോട്ടയം അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് ബസ് ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റ മൂവരെയും ഓടിക്കൂടിയ നാട്ടുകാരും സേനാംഗങ്ങളും ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ജീവനക്കാരായ അന്യസംസ്ഥാനതൊഴിലാളികൾ പ്രാഥമികചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. കാലിന്റെ തുടയെല്ലിന് പൊട്ടലേറ്റ സൂര്യയെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന്, എം.സി റോഡിൽ അരമണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു.