ടൈലുകൾ തകർന്നു, ഒപ്പം അനധികൃത കച്ചവടവും
ചങ്ങനാശേരി: എങ്ങനെ കാലുകുത്തും. തട്ടി വീഴും ഉറപ്പാണ്! ചങ്ങനാശേരി നഗരത്തിലെ നടപ്പാതകൾ കാൽനടയാത്രികർക്ക് കെണിയായി മാറുകയാണ്. പെരുന്ന മുതൽ സെൻട്രൽ ജംഗ്ഷൻ വരെയുള്ള എം.സി റോഡിന്റെ ഇരുവശത്തുമുള്ള നടപ്പാതകളിലെ ടൈലുകൾ പൂർണമായും തകർന്ന നിലയിലാണ്. എം.സി റോഡ് നവീകരണ ജോലികളുടെ ഭാഗമായാണ് റോഡിന്റെ ഇരുവശത്തുമുള്ള ഓടകൾക്കു മുകളിൽ ടൈലുകൾ നിരത്തി മനോഹരമാക്കിയത്. എന്നാൽ അധികം വൈകിയില്ല, ടൈലുകൾ ഇളകി തുടങ്ങി. സെൻട്രൽ ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി, പെരുന്ന, ളായിക്കാട്, എസ്.ബി കോളേജ് ഭാഗം, വാഴൂർ റോഡ്, ബൈപ്പാസ് റോഡ്, റെയിൽവേ റോഡ്, പാലാത്ര തുടങ്ങിയ ഭാഗങ്ങളിലാണ് നടപ്പാതകൾ പൂർണമായി പൊട്ടിത്തകർന്നു കിടക്കുന്നത്. ഇരുചക്രവാഹനങ്ങൾ നടപ്പാതയിലൂടെ സഞ്ചരിക്കുന്നതും ടൈലുകൾ തകരുന്നതിനിടയാക്കി. തിരക്കേറിയ റോഡിലേക്ക് കാൽനടയാത്രക്കാർ ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്.
പാർക്കിംഗ് ശരിയല്ല
നടപ്പാതകളിൽ തടസം സൃഷ്ടിച്ചുകൊണ്ടുള്ള അനധികൃത പാർക്കിങ്ങും നടപ്പാതയിലെ കച്ചവടവും പലപ്പോഴും കാൽനടയാത്രികർക്ക് ദുരിതമായി മാറുന്നുണ്ട്. തട്ടുകടകളും ചെറുകിട കച്ചവടങ്ങളും നടത്തുന്നത് നടപ്പാതയിലാണ്. കച്ചവടം കഴിഞ്ഞ് ഉന്തുവണ്ടികളും കച്ചവടസാമഗ്രികളും സൂക്ഷിച്ചു വെയ്ക്കുന്നതും നടപ്പാതകളിലാണ്.