ചെളിക്കുളമായി ചെത്തിമറ്റം തൃക്കയിൽകടവ് റോഡ്
പാലാ: ഇത് ചെളിക്കുളമാണോ റോഡാണോ..? നടക്കാനെങ്കിൽ നടുവടിച്ചുവീഴും. പിന്നെ യാത്രക്കാർക്ക് ചെളിയിൽ കുളിച്ചുകയറാം. എന്തൊരു കഷ്ടമാണിത്. റോഡിന്റെയും പാവം യാത്രക്കാരുടെയും..! ഏറെ ദയനീയമാണ് പാലാ നഗരത്തിലെ ചെത്തിമറ്റം തൃക്കയിൽകടവ് റോഡിന്റെ അവസ്ഥ. സെമിനാരിയിലേക്കും റിവർവാലി റെസിഡൻസ് പ്രദേശത്തേക്കുമൊക്കെ പോകാൻ ഈ റോഡിനെയാണ് ആളുകൾ ആശ്രയിക്കുന്നത്. പക്ഷേ ചെളിമൂലം നിലവിൽ റോഡിലേക്ക് കാലുകുത്താൻ പോലും കഴിയാത്ത സാഹചര്യമാണ്. 2019ൽ റോഡ് നന്നാക്കാൻ മാണി സി. കാപ്പൻ എം.എൽ.എ പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇതിന് ഭരണാനുമതി ലഭിച്ചത് 2021ൽ. റോഡ് മണ്ണിട്ട് ഉയർത്തിക്കൊണ്ടിരുന്നപ്പോൾ തുടരെ പരാതി. പരിസരവാസികൾപോലുമല്ല പരാതിക്കാർ എന്നതാണ് ഏറെ വിചിത്രം. പരാതിക്കാരെ തപ്പിതപ്പി ചെന്നപ്പോൾ രാഷ്ട്രീയകൊടിയുടെ നിറവ്യത്യാസമാണ് പരാതിക്കടിസ്ഥാനമെന്ന് വ്യക്തമായി. പരാതി മൂലം പണി നിലച്ചു. മണ്ണിറക്കിയ റോഡ് മഴയിൽ ചെളിക്കുഴിയായി മാറി. ഇതോടെ ആളുകൾ സ്വകാര്യവ്യക്തികളുടെ പുരയിടത്തിലൂടെ നടന്നു തുടങ്ങി. ഇതിനിടെ റോഡ് കൈയേറാനും ചിലർ. ആകെപ്പാടെ ജഗപൊഗ. ചെളിക്കുഴിയായ റോഡിൽ മക്ക് ഇറക്കി കാൽനടയാത്രയെങ്കിലും സാധ്യമാക്കണമെന്ന് പാലാ മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയും വാർഡ് കൗൺസിൽ ബിന്ദു മനുവും കരാറുകാരനോട് തുടരെ ആവശ്യപ്പെട്ടു. പക്ഷേ മക്കിന് പകരം ഇറക്കിയത് മണ്ണ്. ഇതോടെ ചെളിക്കുഴിയിൽ വീണ്ടും ചെളിക്കുഴി.
ഞങ്ങൾ ചെളി വിതറും!
റോഡിലൂടെ കാൽനടയ്ക്കുള്ള സൗകര്യമെങ്കിലും ഒരുക്കിയില്ലെങ്കിൽ റോഡുപണിക്ക് തടസം നിന്ന പരാതിക്കാരുടെ വീടുകൾക്കും പാലാ നഗരസഭ ഓഫീസിന് മുന്നിലും ചെളി വിതറിയുള്ള സമരം നടത്തുമെന്ന് നാട്ടുകാർ പറയുന്നു.
ഇനിയും വൈകരുത്
റോഡ് എത്രയും വേഗം നന്നാക്കണമെന്ന് റിവർവാലി റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ. ഗോപിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൗരസമിതിയോഗം ആവശ്യപ്പെട്ടു. യോഗത്തിൽ വിൻസെൻഷൻ സെമിനാരി റെക്ടർ ഫാ. ജോർജ് പൂനാട്ട്, ലൗലി ജോസഫ്, റസിഡന്റ്‌സ് അസോസിയേഷൻ ട്രഷറർ പി.എം. മാത്യു, തോമസ് അമ്മിയാനിക്കൽ, തൃക്കയിൽ മഹാദേവക്ഷേത്രം മാതൃസമിതി പ്രസിഡന്റ് രമണി ഗോപി, ക്ഷേത്രം ഉപദേശകസമിതി അംഗം ലത ഗോപിനാഥൻ നായർ, കെ.ജി. ദാസ് എന്നിവർ സംസാരിച്ചു.