പാലാ: കൈമുറിച്ച് ആത്മഹത്യാ ശ്രമം നടത്തുന്നത് ലൈവായി ഫേസ്ബുക്കിലിട്ട യുവാവിനെ പൊലീസ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ പാലായിലാണ് സംഭവം. വീട്ടിൽ മാതാപിതാക്കളില്ലാത്ത സമയത്താണ് സംഭവം. ''എന്റെ അത്മഹത്യാ ലൈവ് ' എന്ന പേരിലാണ് യുവാവ് ദൃശ്യങ്ങൾ ഫേസ്ബുക്കിലിട്ടത്. മുറിയിലാകെ രക്തം തളം കെട്ടി. ഇത് ശ്രദ്ധയിൽപെട്ട ഒരാൾ പാലാ സി.ഐ കെ.പി ടോംസണെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ പൊലീസ് യുവാവിന്റെ താമസസ്ഥലം കണ്ടെത്തി. ഫയർഫോഴ്സിനെയും വിവരമറിയിച്ചു. പൊലീസ് എത്തുമ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടർന്ന് പൊലീസ് യുവാവിനെ അനുനയിപ്പിച്ച് വീടിന്റെ വാതിൽ തുറപ്പിക്കുകയായിരുന്നു. ഉടൻതന്നെ ആംബുലൻസ് എത്തിച്ച് യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.