
പീരുമേട്. വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ വാഗമൺ അസൗകര്യങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്നു. ശനി, ഞായർ അവധി ദിവസങ്ങളിൽ ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. കൊവിഡ് വ്യാപനത്തോടെ മന്ദഗതിയിലായിരുന്ന വിനോദ സഞ്ചാരികളുടെ വരവ് ഇപ്പോൾ കുതിച്ചുയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എത്തിയവർ വാഹനം പാർക്ക് ചെയ്യാൻ ഇടമില്ലതെ ബുദ്ധിമുട്ടി.
ആദ്യം എത്തുന്നവർ റോഡിന്റെ ഇരുവശങ്ങളിലും വാഹനം പാർക്ക് ചെയ്തിട്ട് കാഴ്ചകൾ കാണാനായി പോകും. പിന്നീട് എത്തുന്നവരുടെ വാഹനങ്ങൾ തിക്കിലും തിരക്കിലും പെട്ട് മണിക്കൂറോളം കുടുങ്ങി കിടക്കും. മൊട്ടക്കുന്ന്, പൈൻവാലി ഭാഗങ്ങളിലാണ് വാഹനങ്ങൾ ഇപ്പോൾ പാർക്ക് ചെയ്യുന്നത് . 
ഒട്ടുമിക്ക ദിവസങ്ങളിലും ഇവിടെ സിനിമചിത്രീകരണം നടക്കാറുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളും ഇവിടെ ഷൂട്ട് ചെയ്തിരുന്നു. കഴിഞ്ഞ അവധി ദിവസങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ടൂറിസ്റ്റ് ബസുകളിലും കാറുകളിലുമായി വാഗമണ്ണിലെത്തിയത്. അസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ അധികൃതർ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.