കോട്ടയം: ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി കിടങ്ങൂർ പഞ്ചായത്തിൽ ഒരുക്കിയ വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയായി. ഏറ്റുമാനൂർ-പൂഞ്ഞാർ ഹൈവേയിൽ കുമ്മണ്ണൂർ മന്ദിരം കവലയിൽ സ്ഥാപിച്ച വിശ്രമകേന്ദ്രത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും ഭിന്നശേഷിക്കാർക്കുമുള്ള ശൗചാലയത്തിന് പുറമേ മുലയൂട്ടൽ മുറി, കോഫീ ഷോപ്പ് എന്നീ സൗകര്യങ്ങളും സജ്ജമാണ്. 650 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം 20 ലക്ഷം രൂപ ചെലവിലാണ് നിർമ്മിച്ചത്. മേയ് അവസാനത്തോടെ വിശ്രമകേന്ദ്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതിന് നടപടി സ്വീകരിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു പറഞ്ഞു.