
കോട്ടയം . തണ്ണീർമുക്കം ബണ്ട് തുറന്നിട്ടും വെള്ളം കടലിലേക്ക് ഒഴുകാതെ കാലവർഷത്തിന് മുൻപേ ജില്ലയുടെ പടിഞ്ഞാറൻമേഖല പ്രളയ ഭീതിയിൽ.
എക്കലും മണ്ണും മറ്റ് മാലിന്യങ്ങളും നിറഞ്ഞ് വേമ്പനാട്ട് കായലിന്റെയും, മീനച്ചിലാറിന്റെയും ആഴം കുറഞ്ഞതാണ് വെള്ളം ഒഴുകാത്തതിന് കാരണമെന്ന് ഒരു വിഭാഗം വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുമ്പോൾ ആഴം കൂട്ടുന്നത് വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നാണ് മറുവാദം. മീനച്ചിലാർ മീനന്തലയാർ നദീ സംയോജനം വഴി തോടും ആറും തെളിക്കുന്നത് വെള്ളപ്പൊക്കം തടയുമെന്ന് പ്രതീക്ഷിച്ചെങ്കിലും പൂർണതോതിൽ ഫലം കണ്ടില്ല. ഒന്നു രണ്ട് മഴയ്ക്കുള്ളിൽ വെള്ളം പൊങ്ങുന്നത് ഒഴിവായതാണ് ആശ്വാസം. പദ്ധതി യാഥാർത്ഥ്യമായാൽ ഒഴുക്ക് വർദ്ധിച്ച് പ്രളയരഹിത കോട്ടയമെന്ന സ്വപ്നം യാഥാർത്യമാകുമെന്നാണ് കോ-ഓർഡിനേറ്റർ കെ അനിൽകുമാർ പറയുന്നത്. വേലിയേറ്റം കാരണം ഇപ്പോൾ കടൽ വെള്ളം എടുക്കുന്നില്ല. മീനച്ചിലാറ്റിലെ മിക്ക സ്ഥലങ്ങളിലും ആഴം കൂട്ടി. കായൽ മുഖത്തെ എക്കലും മണ്ണും മാറ്റി. പഴുക്കാ നിലം കായൽ മുഖത്ത് 108 കോടി രൂപ ചെവഴിച്ചുള്ള കിഫ്ബി പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഒഴുക്ക് വർദ്ധിച്ച് വെള്ളം പരന്ന് ഒഴുകുന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന് ശമനമാകുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം നേച്ചർ സൊസൈറ്റി പ്രസിഡന്റ് ബി ശ്രീകുമാർ പറയുന്നത്.
മീനച്ചിലാറ്റിൽ അശാസ്ത്രീയമായി നിർമ്മിച്ച തടയണകളാണ് ഒഴുക്കു തടയുന്നത്. മീനച്ചിലാറിന് സ്വാഭാവിക ആഴമുണ്ട്. വെള്ളത്തിൽ അടിഞ്ഞു കിടക്കുന്ന എക്കലും മണ്ണും നീക്കിയാൽ മതി ആഴം കൂട്ടേണ്ടതില്ല. താഴത്തങ്ങാടിയിൽ ആറ് മീറ്റർ ഉയരത്തിൽ നിർമ്മിച്ച പഴയ തടയണയുടെ അവശിഷ്ടങ്ങൾ നാലുമീറ്റർ താഴ്ചയിൽ വെള്ളത്തിൽ കിടക്കുകയാണ്. രണ്ട് മീറ്റർ ഭാഗം മാത്രമാണ് ഒഴുക്കിൽ തകർന്നത്. തടയണയുടെ ബാക്കി ഭാഗങ്ങൾ കരയിൽ കയറ്റണം. പലയിടത്തും ഇതാണ് സ്ഥിതി.