ചങ്ങനാശേരി: സഹപ്രവർത്തകർക്ക് ചികിത്സാ സഹായമൊരുക്കാൻ തലമുറ വ്യത്യാസമില്ലാതെ കൂട്ടുകാരൊത്തുകൂടും. ചങ്ങനാശേരി എൻ.എസ്.എസ് ഹിന്ദു കോളേജിലെ പൂർവ വിദ്യാർത്ഥികളാണ് ഒപ്പം പഠിച്ച രണ്ട് പേരുടെ ചികിത്സാ സഹായമൊരുക്കാൻ ഓർമ്മക്കൂടെന്ന പേരിൽ സംഗമമൊരുക്കുന്നത്.
21ന് ചങ്ങനാശേരി നഗരസഭാ പാർക്കിൽ രാവിലെ ഒമ്പത് മുതൽ അഞ്ചുവരെയാണ് ചടങ്ങ്. വൃക്ക രോഗം ബാധിച്ച രണ്ട് സഹപാഠികൾക്കാണ് സംഗമത്തിനെത്തുന്നവർ സഹായധനമൊരുക്കുന്നത്. പൂർവ വിദ്യാർത്ഥികളായ രമേശ് ചെന്നിത്തല എം.എൽ.എ, സുരേഷ് കുറുപ്പ്, ബി.രാധാകൃഷ്ണമേനോൻ ഉൾപ്പെടെയുള്ള പൂർവവിദ്യാർത്ഥികൾ പങ്കെടുക്കും. പൂർവ വിദ്യാർത്ഥികളായ ജനപ്രതിനിധികളേയും വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെയും ചടങ്ങിൽ ആദരിക്കും. വിരമിച്ച അദ്ധ്യാപകർക്കും ചടങ്ങിൽ ആദരവൊരുക്കും.