ചങ്ങനാശേരി: 136-ാമത് ചങ്ങനാശേരി അതിരൂപതാദിനാഘോഷം 20ന് രാവിലെ 9.30 മുതൽ 1.30 വരെ കോട്ടയം ലൂർദ് ഫൊറോനാ പള്ളിയിലെ നിധീരിക്കൽ മാണിക്കത്തനാർ നഗറിൽ നടക്കും. കേരളത്തിലെ അഞ്ച് ജില്ലകളിൽ മുന്നൂറോളം ഇടവകകളിലായി എൺപതിനായിരം കുടുംബാംഗങ്ങളിലെ അഞ്ച് ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ പ്രതിനിധികളും, വൈദികരും, സന്യസ്തപ്രതിനിധികളും സംഗമത്തിൽ പങ്കെടുക്കും. പൊതുസമ്മേളനം പാലക്കാട് രൂപത മെത്രാൻ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപതാ മെത്രാൻ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിക്കും. തോമസ് തറയിൽ ആമുഖപ്രസംഗം നടത്തും. ബ്രഹ്മോസ് എയ്‌റോ സ്‌പേയ്‌സ് മാനേജിംഗ് ഡയറക്ടർ ഡോ.എ.ജോസഫ് മുഖ്യപ്രഭാഷണം നടത്തും. എക്‌സലൻസ് അവാർഡ് മാധ്യമ പ്രവർത്തകൻ ദേവപ്രസാദിന് സമ്മാനിക്കും. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ.ഡൊമിനിക് വഴീപ്പറമ്പിൽ പതാക ഉയർത്തും. വികാരി ജനറാൾ ഡോ.തോമസ് പാടിയത്ത് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. വികാരി ജനറാൾ ഫാ.ജോസഫ് വാണിയപ്പുരയ്ക്കൽ അതിരൂപതാ ജീവകാരുണ്യ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. കോട്ടയം ഫൊറോനാ വികാരി ഡോ. ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ സമ്മേളന നഗറിനെ പരിചയപ്പെടുത്തും. പത്രികാപാരായണം ചാൻസിലർ ഡോ. ഐസക്ക് ആലഞ്ചേരി നിർവഹിക്കും. 19ന് വിളംബരദിനം. ഛായാചിത്ര പ്രയാണവും, ദീപശിഖാ പ്രയാണവും നടക്കും.