മുണ്ടക്കയം: പൊറോട്ട അടിച്ച് ശ്രദ്ധേയയായ അനശ്വര ഹരി അഭിഭാഷകയായി എൻറോൾ ചെയ്തു. ഹൈക്കോടതിയിലായിരുന്നു എൻറോൾമെന്റ് ചടങ്ങ്.പൊറോട്ടയടിക്കുന്ന എരുമേലി പുത്തൻകൊരട്ടിയിലെ അനശ്വരയുടെ കഥയും വക്കീൽ പഠനവും നാടാകെ ഏറ്റെടുത്തിരുന്നു. പിതാവ് നാടുവിട്ടുപോയതോടെ രണ്ട് പെൺമക്കളുമായി കുടുംബവീട്ടിൽ ചെറിയ ഹോട്ടൽ തുടങ്ങിയ മാതാവ് സുബിയെ സഹായിക്കാനാണ് ഇളയ മകൾ അനശ്വര പൊറോട്ടയടി പരിശീലിച്ചത്. പൊറോട്ടയടിക്കുന്നതിന്റെ വീഡിയോ പകർത്തി സുഹൃത്തുക്കൾ കോളജിലെ ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി.
സുപ്രീംകോടതി ജഡ്ജി മുതൽ സിനിമാതാരങ്ങൾ, ജനപ്രതിനിധികൾ, സാമുദായിക-സാമൂഹിക നേതാക്കളൊക്കെ അനശ്വരയുടെ കഥയറിഞ്ഞു പ്രശംസിച്ചിട്ടുണ്ട്. ഡൽഹി ആസ്ഥാനമായ ലീഗൽ കന്പനി സുപ്രീംകോടതിയിൽ പ്രാക്ടീസിനുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒപ്പം ജഡ്ജിയാകാനുള്ള പരിശീലനവും ഉറപ്പു നൽകിയിട്ടുണ്ട്. തൊടുപുഴ അൽ അസ്ഹർ ലോ കോളജിൽ നിന്നാണ് അനശ്വര നിയമപഠനം പൂർത്തിയാക്കിയത്.