പാലാ: കാലവർഷത്തെ തുടർന്നുള്ള കെടുതികളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനും അടിയന്തിര സാഹചര്യത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനും ഇന്നലെ ചേർന്ന ഉദ്യോഗസ്ഥജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനമായി. മീനച്ചിൽ ആറ്റിലും തോടുകളിലും അടിഞ്ഞുകൂടിയ മാലിന്യം നീക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് യോഗം നിർദേശം നൽകി. പാലാ ആർ.ഡി.ഒ. പി.ജി. രാജേന്ദ്രബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാലാ എ.എസ്.പി. നിധിൻരാജ് ഐ.പി.എസ്., മീനച്ചിൽ തഹസിൽദാർ എസ്. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. മീനച്ചിൽ താലൂക്കിന്റെ കീഴിൽ വരുന്ന മുനിസിപ്പൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, ഫയർഫോഴ്‌സ്, കെ.എസ്.ഇ.ബി, ആരോഗ്യവകുപ്പ്, മോട്ടോർ വാഹന വകുപ്പ്, ഇറിഗേഷൻ, ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.