ഏഴാച്ചേരി രാമപുരം റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ വെട്ടിക്കുറച്ചു

പാലാ: സ്കൂൾ തുറക്കുകയാണ്. ഏഴാച്ചേരിയിലും അന്ത്യാളത്തും കരൂരിലുമൊക്കെയുള്ള പാവപ്പെട്ട വിദ്യാർത്ഥികൾ ആകെ പ്രയാസത്തിലാണ്. കെ.എസ്.ആർ.ടി.സി ഇതുവഴിയുള്ള ബസ് സർവീസുകളാകെ വെട്ടിക്കുറച്ചത് വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ദുരിതമായി മാറുമെന്ന് ഉറപ്പാണ്. രാവിലെയും വൈകിട്ടുമുള്ള സമയങ്ങളിൽ പോലും കെ.എസ്.ആർ.ടി.സി ബസുകളില്ല. ചുരുക്കം ചില സ്വകാര്യ സർവീസുകളെ ആശ്രയിച്ചുമാത്രം യാത്ര ചെയ്യേണ്ട ഗതികേടിലാണ് ഈ മേഖലയിലെ കുട്ടികൾ. പാലായിൽ നിന്ന് രാവിലെ 7 ന് രാമപുരത്തേക്കും ഇതേ ബസ് 8 ന് പാലായ്ക്കും സർവ്വീസ് നടത്തുന്നതൊഴിച്ചാൽ പിന്നീട് കെ.എസ്.ആർ.ടി.സി ബസുകളൊന്നും ഇതുവഴി ഓടുന്നില്ലായെന്നതാണ് ദുഖകരമായ യാഥാർത്ഥ്യം. മുമ്പ് 8.30 നും 9.30നും 11.40നും 1നം 3.30നും 4.20 നും 5.30നും 6.15നും രാത്രി 9.20 നുമൊക്കെ കെ.എസ്.ആർ.ടി.സി ബസുകൾ ഏഴാച്ചേരി വഴിയുണ്ടായിരുന്നു. കൊവിഡോടെ ഇതെല്ലാം നിലച്ചു. ഈ സർവീസുകളെല്ലാം ആരംഭിക്കുമെന്ന് അടുത്തിടെ അറിയിപ്പുണ്ടായിരുന്നെങ്കിലും അതിനൊന്നും വസ്തുതയുമായി ഒരുബന്ധവുമില്ലെന്നാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി. അധികാരികൾ പറയുന്നത്.

അലംഭാവം, ഒരേ മനസോടെ

ഏഴാച്ചേരി വഴിയുള്ള കെ.എസ്.ആർ.ടി.സി. ബസുകളുടെ സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരേ മനസോടെയുള്ള അലംഭാവം തുടരുകയാണ്. ഏഴാച്ചേരി വഴി ഉച്ചകഴിഞ്ഞ് 3.30നുള്ള സ്വകാര്യബസ് സർവീസിനു ശേഷം 5.30ന് മാത്രമാണ് രാമപുരത്തിന് അടുത്ത സർവീസുള്ളത്. രാത്രി ഏഴിനു ശേഷം പാലായിൽ നിന്ന് രാമപുരത്തേയ്ക്ക് ബസ് സർവീസേയില്ല.