
മണിമല : നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് പ്ലാച്ചേരി ആലപ്ലാമൂട്ടിൽ (ആലായിൽ) കെ.വി.തോമസിന്റെ മകൻ സഞ്ചു തോമസ് (23) മരിച്ചു. ഇന്നലെ രാവിലെ 11 ന് മുക്കട - പ്ലാച്ചേരി റോഡിൽ ഫോറസ്റ്റ് സ്റ്റേഷന് സമീപമായിരുന്നു അപകടം. മുക്കടയിൽ നിന്ന് പ്ലാച്ചേരിയിലെ വീട്ടിലേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട കാർ റോഡിന്റെ ഇടത് വശത്തുള്ള വൈദ്യുതി തൂണിലും ക്രാഷ് ബാരിയറിലും ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാറിനുള്ളിൽ കുടുങ്ങിയ സഞ്ചുവിനെ റാന്നിയിൽ നിന്നെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിക്ക് അപ്പ് വാൻ ഡ്രൈവറായ സഞ്ചു വർക്ക്ഷോപ്പിൽ പണിക്ക് കയറ്റിയിരിക്കുന്ന വാനിന്റെ ആവശ്യങ്ങൾക്ക് പോയി കാപ്പി കുടിക്കുന്നതിനായി വീട്ടിലേക്ക് വരും വഴിയാണ് അപകടം. മണിമല പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ. മാതാവ് : സിന്ധു. സഹോദരങ്ങൾ : അശ്വിൻ, ആരോമൽ. സംസ്കാരം പിന്നീട്.