പൊൻകുന്നം : സ്‌കൂൾ തുറക്കാൻ ഏതാനും ദിവസങ്ങൾമാത്രം ബാക്കി നിൽക്കെ കനത്തമഴ അദ്ധ്യാപകരെയും, രക്ഷിതാക്കളെയും, കുട്ടികളെയും ആശങ്കയിലാഴ്ത്തുന്നു. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജൂൺ ആദ്യം സ്‌കൂൾ തുറക്കുന്നത്. കൊവിഡിന് ശേഷം വരുന്ന ആദ്യത്തെ പ്രവേശനോത്സവം ആഘോഷമാക്കാൻ കാത്തിരുന്ന അദ്ധ്യാപകരും കുട്ടികളും നിരാശരാണ്. ഇതുവരെ ഒരുക്കങ്ങളൊന്നുമായില്ല. മഴ തുടർന്നാൽ പ്രവേശനോത്സവം വെള്ളത്തിലാകും. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി മഴയെത്തിയത്. കൃഷിയും വിളകളും വീടുകളും കെട്ടിടങ്ങളും തകർത്തുകൊണ്ടാണ് കാറ്റ് വീശിയത്. കർഷകർക്കും തൊഴിലാളികൾക്കും മാത്രമല്ല എല്ലാ മേഖലയിലുമുള്ളവർ തൊഴിൽനഷ്ടവും വരുമാനനഷ്ടവും മൂലം കഷ്ടപ്പെടുകയാണ്. ഇതിനിടെയാണ് സ്‌കൂൾ തുറക്കൽ. കുട്ടികൾക്ക് ഒന്നിനും ഒരു കുറവും വരരുതെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. കല്ലുപെൻസിൽ മുതൽ യൂണിഫോംവരെ വാങ്ങണം. ഫീസ്‌, വണ്ടിക്കൂലി കൊടുക്കണം. ഇന്ധനവില വർദ്ധനവിനൊപ്പം തൊട്ടതിനെല്ലാം വില കൂടി. ബസ് ചാർജ്ജും കൂടി. പഠനോപകരണങ്ങളും ചെരുപ്പും കുടയും യൂണിഫോമും അടക്കം ഒന്നാംക്ലാസിലാണെങ്കിൽ പോലും ഒരു കുട്ടിയെ സ്‌കൂളിലയക്കണമെങ്കിൽ ഭീമമായ പണം വേണം. ഒന്നിലധികം കുട്ടികൾ പഠിക്കുന്ന ഒരു സാധാരണക്കാരന്റെ വീട്ടിലെ അവസ്ഥ ആരും അറിയുന്നില്ല. കടത്തിൽ മുങ്ങിനിൽക്കുകയാണ് പലരും.