കോട്ടയം : അജ്ഞാത വാഹനമിടിച്ചുള്ള അപകട മരണങ്ങൾ ജില്ലയിൽ പതിവായിട്ടും കാമറകൾ നോക്കുകുത്തിയാകുന്നു. എം.സി റോഡിലും മറ്റ് പ്രധാന റോഡുകളിലും അപകട സാദ്ധ്യതയോറിയ ഭാഗത്തും സി.സി.ടി.വി കാമറകൾ ഇല്ലാത്തതിനാൽ അപകടത്തിനിടയാക്കുന്ന വാഹനങ്ങൾ കണ്ടെത്താൻ സാധിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ നാട്ടകം, മറിയപ്പള്ളി, പള്ളം ഭാഗത്തുണ്ടായ അപകടത്തിൽ രണ്ടുപേരുടെ ജീവനാണ് പൊലിഞ്ഞത്. ഇതുവരെയും ഇടിച്ചിട്ട വാഹനം കണ്ടുപിടിക്കാൻ പൊലീസിനായിട്ടില്ല. ചിങ്ങവനം കവലയിൽ ദിവസങ്ങൾക്ക് മുൻപ് അമിതവേഗതയിൽ എത്തിയ വാഹനം മീൻകടയിലേക്ക് ഇടിച്ചുകയറി അന്യസംസ്ഥാന തൊഴിലാളിയുടെ ജീവൻ പൊലിഞ്ഞിരുന്നു. അമിത വേഗതയിലാണ് വാഹനങ്ങൾ പായുന്നത്. വേഗനിയന്ത്രണ സംവിധാനങ്ങളും പലയിടത്തും ഇല്ല. ദിശ തെറ്റിച്ചെത്തുന്ന വാഹനങ്ങളും ഓവർടേക്ക് ചെയ്ത് എത്തുന്ന വാഹനങ്ങളുമാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. വഴിവിളക്കുകളും എങ്ങുമില്ല. ഉള്ളതാകട്ടെ പ്രവർത്തനരഹിതമാണ്.

മഴയാണ് സൂക്ഷിക്കണം

മഴ ശക്തമായതോടെ നിയന്ത്രണം വിട്ട് വാഹനങ്ങൾ മറിയുന്നതും നിത്യസംഭവമാകുകയാണ്. അശാസ്ത്രീയമായ ടാറിംഗാണ് അപകടങ്ങൾക്ക് കാരണം. കഴിഞ്ഞ ദിവസം ചിങ്ങവനത്ത് റോഡിലെ വെള്ളക്കെട്ടിൽ വീണ് കാർ മറിഞ്ഞു. കെ.കെ റോഡിൽ കഞ്ഞിക്കുഴി മുതൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വരെ വലുതും ചെറുതുമായ നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. റബറൈസ്ഡ് ടാറിംഗായതിനാൽ തെന്നി മറിയാനുള്ള സാദ്ധ്യതയേറെയാണ്. ഇരുചക്രവാഹന യാത്രികരാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്. റോഡിന്റെ വശത്തെക്കാൾ ഉയർന്ന നിരപ്പിൽ ടാർ ചെയ്യുന്നതും അപകടത്തിന് കാരണമാകും.