fish

കോട്ടയം: കാസർകോട് ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ചതോടെ കോട്ടയത്തും കാര്യക്ഷമമായ ഭക്ഷ്യസുരക്ഷാവകുപ്പ് വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 1.24 ലക്ഷം രൂപ പിഴ ഈടാക്കി. 414 പരിശോധനകൾ നടത്തി 9 ഹോട്ടലുകൾ പൂട്ടിച്ചു. കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം തുക പിഴയീടാക്കുന്നതും ആദ്യമാണ്. 58 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുമുണ്ട്.

153 വിൽപ്പന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ അഴുകിത്തുടങ്ങിയ നിലയിൽ കണ്ടെത്തിയ 312 കിലോ പഴകിയ മീൻ നശിപ്പിച്ചു. അമോണിയ, ഫോർമാലിൻ തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ല. 40 ജ്യൂസ് വിൽപ്പന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയപ്പോൾ വൃത്തിഹീനമായ സാഹചര്യമുൾപ്പെടെയുള്ള കാരണങ്ങളാൽ 4 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 28 പായ്ക്കറ്റ് പഴകിയ പാൽ, 15 കിലോ പഴവർഗങ്ങൾ എന്നിവയും പിടികൂടി നശിപ്പിച്ചു. പഴവർഗങ്ങളുടെ 14 സാമ്പിളുകൾ വിശദ പരിശോധനയ്ക്ക് ശേഖരിച്ചിട്ടുണ്ട്.