ടൈലുകൾ ഇളകി, ഓടകൾക്ക് മേൽ കൂർത്ത കമ്പികൾ
പാലാ: എങ്ങനെ കാലുകുത്തും. പാലാ നഗരത്തിലെ ഓടകളെല്ലാം കൂർത്ത കമ്പികളുമായി വാ പിളർന്ന് കിടന്നാൽ കാൽനട യാത്രികരുടെ കാര്യം കട്ടപ്പുകയാവും. പാലാ ടൗണിലെ വിവിധ ഭാഗങ്ങളിലെ നടപ്പാതകളും ഓടകൾക്ക് മുകളിലെ ഗ്രില്ലുകളും അപകടഭീഷണി ഉയർത്തി തകർന്നു കിടക്കുകയാണ്. കാൽനടക്കാർക്കു സുരക്ഷിതമായി സഞ്ചരിക്കാൻ പോലും കഴിയാത്ത അവസ്ഥ. ഓടകൾക്ക് മുകളിലെ ഇരുമ്പു ഗ്രില്ലുകൾ പലതും കാലപ്പഴക്കവും നിലവാരം കുറഞ്ഞതുമായതിനാൽ വളവ് സംഭവിച്ചും ഒടിഞ്ഞും തകർന്ന് കിടക്കുകയാണ്.
അശാസ്ത്രീയ നിർമാണം മൂലം ഗ്രില്ലിന്റെ അഴികൾ അകന്നു നിൽക്കുന്നതിനാൽ യാത്രക്കാരുടെ കാലുകൾ ഗ്രില്ലിന്റെ ഇടയിൽപെട്ടു പരിക്കേൽക്കുന്ന സംഭവങ്ങൾ നിരവധിയാണ്. ഗ്രില്ലുകളുടെ കമ്പികൾ നശിച്ച് കൂർത്തിരിക്കുന്ന നിലയിലും . ഇത് കാൽനടയാത്രക്കാരുടെ കാലിൽ തളച്ചുകയറുന്ന സാഹചര്യവുമുണ്ട്. നാളുകളായി ഈ അവസ്ഥയാണെങ്കിലും അറ്റകുറ്റപണികൾ നടത്താനോ മാറ്റി സ്ഥാപിക്കാനോ അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നാണാക്ഷേപം. റിവർവ്യൂ റോഡിൽ നിന്ന് കുരിശുപള്ളി കവലയിലേക്ക് പോകുന്ന ഭാഗത്ത് ഇരുമ്പ് ഗ്രില്ല് തകർന്നിട്ട് നാളുകളായെങ്കിലും നന്നാക്കാൻ നടപടിയായിട്ടില്ല.
ഇനി എന്ന് മാറ്റും?
നടപ്പാത പലയിടങ്ങളിലും പൊട്ടിത്തകർന്നു കിടക്കുകയാണ്. തകർന്ന ടൈലുകൾ മാറ്റിയിടാൻ അധികൃതർ തയാറാകുന്നില്ല. പൊട്ടിയ ടൈലുകളിൽ തട്ടി വീഴുന്നവരും നിരവധിയാണ്.