ചങ്ങനാശേരി : ചങ്ങനാശേരി നിയോജകമണ്ഡലത്തിൽപ്പെടുന്ന മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, കുറിച്ചി എന്നീ പഞ്ചായത്തുകൾക്കും ചങ്ങനാശേരി നഗരസഭയ്ക്കും മാത്രമായുള്ള കുടിവെള്ള പദ്ധതിയ്ക്ക് 435 കോടിയുടെ ഭരണാനുമതി ലഭിച്ചു. ജൽ ജീവൻ മിഷൻ (ജെ.ജെ.എം) പദ്ധതിയിലൂടെ അഞ്ച് പഞ്ചായത്തുകൾക്ക് 420 കോടിയും അമൃത് പദ്ധതിയിലൂടെ ചങ്ങനാശേരി നഗരസഭയ്ക്ക് 15 കോടിയുമാണ് ലഭ്യമാകുക. 2024 ഓടെ ചങ്ങനാശേരി ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും വ്യക്തിഗത ഗാർഹിക കണക്ഷനുകളിലൂടെ സുരക്ഷിതവും മതിയായതുമായ കുടിവെള്ളം നൽകാനാണ് ജൽ ജീവൻ മിഷൻ (ജെ.ജെ.എം) വിഭാവനം ചെയ്തിരിക്കുന്നത്. മാടപ്പള്ളി 8983, പായിപ്പാട് 6348, തൃക്കൊടിത്താനം 9057, വാഴപ്പള്ളി 7000, കുറിച്ചി 7754 എന്നീ ഗാർഹിക കണക്ഷനുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കറ്റോടിൽ നിന്നും 19 കിലോമീറ്റർ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച് മോർക്കുളങ്ങരയിൽ പുതിയതായി സ്ഥാപിക്കുന്ന 20 എം.എൽ.ഡി വാട്ടർ പ്ലാന്റിൽ വെള്ളമെത്തിച്ച് അവിടെനിന്ന് ശുദ്ധീകരിച്ച ജലം 2.5 കിലോമീറ്റർ അകലെയുള്ള ചെറുകരകുന്നിൽ എത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. മാടപ്പള്ളി പഞ്ചായത്തിലെ ആവശ്യത്തിനായി മാത്രം 4 .25 എം.എൽ.ഡി ശേഷിയുള്ള ഒരു പുതിയ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കും.

എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടിയിലേക്ക് നീങ്ങാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്ന് അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു.