പാലാ : ചെത്തിമറ്റം തൃക്കയിൽ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യം ശക്തമായതോടെ ജനങ്ങളുടെ കണ്ണിൽ കണ്ണിൽ 'മക്ക്" വിതറി നഗരസഭാധികൃതർ തടിയൂരിയതിൽ പ്രതിഷേധം ശക്തം. ചെളിക്കുളമായ റോഡിലൂടെ കാൽനടയാത്രപോലും ദുസഹമായപ്പോൾ പരിതപിച്ച നാട്ടുകാരുടെ വായടച്ച് മക്ക് വിതറിയതോടെ യാത്രക്കാർക്കിത് കൂനിൻമേൽ കുരുവായി. ഇന്നലെ രാവിലെയാണ് നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, കൗൺസിലർമാരായ ബിന്ദു മനു, ജോസ് ചീരാംകുഴി എന്നിവരുടെ നേതൃത്വത്തിൽ മുനിസിപ്പൽ ജീവനക്കാരെക്കൊണ്ട് റോഡിൽ പാറമക്ക് നിരത്തിയത്. ഇതോടെ റോഡ് കാൽനടയാത്രയ്ക്ക് അനുയോജ്യമായതായും, മഴ മാറിയാലുടൻ റോഡ് ഉയർത്തി ടാർ ചെയ്യാൻ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു. എന്നാൽ മക്ക് വിതറിയത് തങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും ഇത്തരം പ്രഹസന പരിപാടികൾ നടത്തിയത് ശരിയായില്ലെന്നും റോഡ് സംരക്ഷണ സമിതി കൺവീനർ കെ.ഗോപി പറഞ്ഞു.
പ്രദേശവാസികളുടെ യാത്രാക്ലേശം വർദ്ധിപ്പിക്കാൻ മാത്രമേ ഈ നടപടി കൊണ്ട് സാധിച്ചിട്ടുള്ളൂവെന്ന് കോൺഗ്രസ് കുറ്റപ്പെടത്തി. ചെയർമാൻ ഫോട്ടോയെടുത്ത് പോയതിന് പിന്നാലെ തൊഴിലാളികളും സ്ഥലത്തുനിന്നു മടങ്ങി. എന്നാൽ ഈ വിഷയത്തിൽ കോൺഗ്രസ് ഇടപെടുകയും സ്ത്രീകൾ ഉൾപ്പെടെ പ്രദേശവാസികളെ സംഘടിപ്പിച്ച് പ്രശ്‌നപരിഹാരം കാണുന്നതുവരെ സമര പരിപാടികളിലേക്ക് കടക്കാൻ തീരുമാനിച്ചതായും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് ആർ വി ജോസ്, ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ വി.സി.പ്രിൻസ്, ഷോജി ഗോപി എന്നിവർ പറഞ്ഞു.
യാത്രാദുരിതം പരിഹരിക്കണം
ചെത്തിമറ്റം തൃക്കയിൽക്കടവ് റോഡ് നിവാസികളുടെ യാത്രാദുരിതം അവസാനിപ്പിക്കാൻ നഗരസഭ തയ്യാറാകണമെന്ന് യു.ഡി.എഫ്. നേതാക്കളും, പ്രതിപക്ഷ കൗൺസിർലമാരും ആവശ്യപ്പെട്ടു. പ്രശസ്തമായ തൃക്കയിൽ ക്ഷേത്രവും സെമിനാരിയും എഴുപത്തഞ്ചോളം വീടുകളിലേക്കും നിരന്തരം യാത്ര ചെയ്യുന്നവർ ഏറെക്കാലമായി ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇതിന് പരിഹാരമായി മാണി സി. കാപ്പൻ അനുവദിച്ച ഫണ്ടുകൊണ്ട് പണി പൂർത്തീകരിക്കാതെ മുനിസിപ്പൽ ഭരണാധികാരികൾ തടസ്സം നിൽക്കുന്നതായും യു.ഡി.എഫ് കുറ്റപ്പെടുത്തി.
യോഗത്തിൽ ഷോജി ഗോപി അദ്ധ്യക്ഷത വഹിച്ചു.