പാലാ : ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വരക്ഷേത്രത്തിൽ നാളെ ഇരട്ടമഹാലക്ഷാർച്ചനയ്ക്ക് തിരി തെളിയും. ഇതിന് മുന്നോടിയായി ഇന്ന് രാവിലെ 8 ന് ഇടപ്പാടി ശ്രീ ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രത്തിൽ നിന്ന് വിളംബര സന്ദേശയാത്ര ആരംഭിക്കും. മേൽശാന്തി വൈക്കം സനീഷ് ശാന്തി ദീപം തെളിയിക്കും. നാളെ സൂര്യകാലടിമന നേതൃസ്ഥാനീയൻ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ലക്ഷാർച്ചന. ഭക്തജനങ്ങൾക്ക് നേരിട്ട് പങ്കെടുക്കാൻ കഴിയുന്നു എന്ന സവിശേഷതയും ഉണ്ട്. നാളെ പുലർച്ചെ 5.30 ന് അഭിഷേകം, 6 ന് സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ അഷ്ടദ്രവ്യമഹാഗണപതി ഹോമം, 7.30 ന് കലശപൂജ, 8 ന് കലശം, ഇരട്ടമഹാലക്ഷാർച്ചന മണ്ഡപത്തലേക്ക് എഴുന്നെള്ളിക്കൽ, 8.30 ന് ഇരട്ടമഹാലക്ഷാർച്ചന ആരംഭം. ആദ്യദിവസം ലളിതാസഹസ്രനാമാർച്ചനയും രണ്ടാം ദിവസം ശിവസഹസ്രനാമാർച്ചനയും. 1 ന് അർച്ചന ഭക്ഷണ വിതരണം, 3 ന് ലക്ഷാർച്ചന പുനരാരംഭം, 6.30 ന് ലക്ഷാർച്ചന സമാപനം, 7 ന് മന്ത്രസിദ്ധിവരുത്തിയ കലശം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കൽ, 7.15 ന് ദർശനപ്രധാനമായ കലശാഭിഷേകം, 7.30 ന് ലക്ഷാർച്ചന പ്രസാദ വിതരണം. 22 നും ഇതേ പരിപാടികൾ തുടരും.

ക്ഷേത്രത്തിൽ നടക്കുന്ന വിശേഷാൽ പൂജകൾക്ക് തന്ത്രി നരമംഗലം ചെറിയ നീലകണ്ഠൻ നമ്പൂതിരി, മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകും. ലക്ഷാർച്ചനയിൽ നേരിട്ട് പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തർ അവരവരുടെ വീടുകളിൽ നിന്നുള്ള പൂക്കളും ഒരു പ്ലേറ്റും കൊണ്ടുവരണം. വൃതശുദ്ധിയോടെ എത്തുന്ന ആർക്കും ഇരട്ടമഹാലക്ഷാർച്ചനയിൽ പങ്കെടുക്കാം. ഫോൺ : 9745260444.