
കോട്ടയം . നെല്ല് സംഭരണം ജില്ലയിൽ ഏതാണ്ട് പൂർത്തിയായെന്ന് പാഡി മാർക്കറ്റിംഗ് ഉദ്യോഗസ്ഥർ അവകാശപ്പെടുമ്പോൾ കൊയ്യാറായ പാടവും കരയിൽ കൂട്ടിയിട്ട നെല്ലും ആരും തിരിഞ്ഞു നോക്കാനില്ലാതെ വെള്ളത്തിൽ മുങ്ങിയ സ്ഥിതിയിലാണെന്ന് കർഷകർ പറയുന്നു. 42000 ടൺ നെല്ലിൽ 41270 ടൺ സംഭരിച്ചു. ഇനി 800 ടൺ മാത്രമാണ് സംഭരിക്കാനുള്ളത്. വെള്ളം കയറിയതോടെ കൊയ്യാനാവാത്തത് 5000 ടണ്ണിൽ താഴെ നെല്ലാണ് ഇത് മഴ മാറുന്നതോടെ കൊയ്യുമെന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർമാരായ ബിനി ,സ്മിത എന്നിവർ പറയുന്നു. എന്നാൽ തോരാമഴ കാരണം കൊയ്ത്ത് യന്ത്രം ഇറക്കാനാവാതെ വെള്ളത്തിൽ മുങ്ങി നശിച്ച നെല്ല് എങ്ങനെ കൊയ്യുമെന്നാണ് കർഷകരുടെ മറുചോദ്യം. നീണ്ടൂർ പഞ്ചായത്തിൽ മാത്രം 600 ഏക്കറിൽ നെൽകൃഷി വെള്ളത്തിലായി. മധുരവേലിയിൽ 248 ഏക്കറും, ചോഴിയപ്പാറയിൽ 300 ഏക്കറും, താമരച്ചാലിൽ 135 ഏക്കറും, വടക്കേ താഴത്തേക്കുഴിയിൽ 132 ഏക്കറും, തച്ചാറ വിശാഖം തറ പാടശേഖരത്തിൽ 52.5 ഏക്കറും നെല്ല് വെള്ളത്തിലാണ്.
കൊല്ലാട് അമ്പലാകരി പാടശേഖര കമ്മിറ്റി സെക്രട്ടറി ഫിലിപ്പോസ് പറയുന്നു.
നെല്ല് വിളഞ്ഞ് കൊയ്യാറായതും കൊയ്ത്ത് കഴിഞ്ഞതും പാഡി ഓഫീസറെ അറിയിച്ചാൽ തിരിഞ്ഞു നോക്കില്ല. മില്ലുകാരുമായിട്ടുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വില കുറയ്ക്കാനായി ഇടനിലക്കാർ എല്ലാ ദിവസവും എത്തും. വിവിധ കുറ്റങ്ങൾ നിരത്തി മടങ്ങും, ഈർപ്പക്കിഴിവുൾപ്പെടെ വില കുറച്ച് പറയും.ഗത്യന്തരമില്ലാതെ കർഷകന് ഏജന്റ് പറയുന്ന വിലയ്ക്ക് നൽകേണ്ടി വരും. സമയബന്ധിതമായി നെല്ല് എടുക്കാത്തതിനെത്തുടർന്ന് 100 ന് 25 കിലോ കുറച്ചാണ് കൊടുക്കേണ്ടി വന്നത്.
പുറം ബണ്ടില്ലാത്തത് പ്രശ്നം.
തുടർച്ചയായുള്ള മഴയും തണ്ണീർമുക്കം ബണ്ട് തുറന്നതും, പുറംബണ്ടില്ലാത്തതും മടവീഴ്ചയ്ക്ക് ഇടയാക്കുകയാണ്. നെല്ല് നശിക്കാൻ പ്രധാന കാരണമിതാണ്. പനച്ചിക്കാട് കൊല്ലാട് അമ്പലാകരി, ചെല്ലിച്ചിറ, കുരുമിക്കാട് പാടശേഖരങ്ങളിൽ പുറംബണ്ടില്ല. ആറ് വർഷമായി കർഷകർ പുറംബണ്ടിനായി മുട്ടാത്ത വാതിലുകളില്ല. മോട്ടോർ തറ, വെള്ളം ഒഴുക്കിവിടാനുള്ള ചാല് എന്നിവയാണ് അത്യാവശ്യമായി വേണ്ടത്.