പൊൻകുന്നം . വിലക്കുറവും പ്രതികൂല കാലാവസ്ഥയിൽ വിപണി ഇല്ലാതാവുകയും ചെയ്തതോടെ പൈനാപ്പിൾ കർഷകൻ രണ്ടര ടണ്ണോളം പൈനാപ്പിൽ നാട്ടുകാർക്ക് സൗജന്യമായി നൽകി. 23 ഏക്കറിൽ കൈതക്കൃഷിയുള്ള ഇളങ്ങുളം മറ്റപ്പള്ളിൽ ടോമിയാണ് ഇന്നലെ രാവിലെ എലിക്കുളം പഞ്ചായത്ത് ഓഫീസിന് മുൻപിൽ പിക്കപ്പ് വാനിലും, ജീപ്പിലുമായി പൈനാപ്പിൾ കൊണ്ടുവന്ന് സൗജന്യമായി നൽകിയത്. വില നൽകാമെന്ന് പറഞ്ഞവരോടും അദ്ദേഹം സ്നേഹപൂർവം നോ പറഞ്ഞു. കിലോയ്ക്ക് 25 രൂപയിൽ താഴെ മാത്രം വിലയായതോടെയാണ് പൈനാപ്പിൾ നശിച്ചുപോകുന്നതിന് മുൻപ് നാട്ടുകാർക്ക് ഉപകാരപ്പെടട്ടെ എന്ന് തീരുമാനിച്ചതെന്ന് ടോമി പറഞ്ഞു. മഴക്കാലമായതോടെ കടകളിലും ആവശ്യം കുറഞ്ഞു. പതിവായി വാങ്ങിയ കടക്കാർ കഴിഞ്ഞ ദിവസങ്ങളിൽ മുൻപ് വാങ്ങിയിരുന്നതിന്റെ നാലിലൊന്ന് പോലും വാങ്ങാതായി. കിട്ടുന്നതാകട്ടെ 35 രൂപയെങ്കിലും കിട്ടിയില്ലെങ്കിൽ മുടക്കുമുതൽ പോലും ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സമീപപ്രദേശങ്ങളിലായി 23 ഏക്കറിൽ ടോമിയ്ക്ക് കൈതക്കൃഷിയുണ്ട്. ഇതിൽ മൂന്നേക്കർ മാത്രമാണ് സ്വന്തം ഭൂമി. മറ്റുള്ളതെല്ലാം പാട്ടത്തിനെടുത്തതാണ്. വളത്തിനടക്കം വില വർദ്ധിച്ചു. കൃഷിവകുപ്പിൽ നിന്ന് ആകെ കിട്ടുന്നത് ഏക്കറിന് 13,000 രൂപയാണ്. അതും സ്വന്തം പറമ്പിലുള്ള കൃഷിക്ക്. ഒരേക്കർ പൈനാപ്പിൾ കൃഷിയ്ക്ക് രണ്ടരലക്ഷം രൂപയാണ് ചെലവ്.